

കോഴിക്കോട്: 30 സെന്റിമീറ്റര്‍ നീളവും 4.1 കിലോഗ്രാം ഭാരവുമുള്ള ഗര്‍ഭാശയമുഴ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നീക്കം ചെയ്തു. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍വെച്ച് ഏറ്റവും വലിയ ഗര്‍ഭാശയമുഴ നീക്കം ചെയ്യല്‍ ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയായത്.

42 വയസ്സുകാരിയായ വയനാട് സ്വദേശിനിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. യോനിയില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു ഗര്‍ഭാശയമുഴ സ്ഥിതി ചെയ്തിരുന്നതെന്നും ഹിസ്റ്ററക്ടമിയിലൂടെ അടിയന്തരമായി ഇത് നീക്കം ചെയ്തില്ലെങ്കില്‍ രോഗിയുടെ ജീവന് തന്നെ ആപത്തായി മാറുമായിരുന്നുവെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച ഡോ. നാസര്‍ ടി പറഞ്ഞു.

കടുത്ത വയറുവേദനയെ തുടര്‍ന്നാണ് വയനാട് സ്വദേശിനി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് നടന്ന വിദഗ്ദ്ധ പരിശോധനയിലാണ് വലിയ ഗര്‍ഭാശയ മുഴ ശ്രദ്ധയില്‍ പെട്ടത്. 30 സെന്റിമീറ്റര്‍ നീളവും 15 സെന്റീമീറ്റര്‍ വീതിയുമുണ്ടായിരുന്ന മുഴയുടെ 12 സെന്റീമീറ്റര്‍ ഭാഗം യോനിയില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന അവസ്ഥയായിരുന്നു.
ഗര്‍ഭാശയത്തിന്റെ മുകളില്‍ നിന്നും വളരുന്ന മുഴ എന്നതും ശസ്ത്രക്രിയയെ സങ്കീര്‍ണ്ണമാക്കിമാറ്റി. 15 വര്‍ഷം മുന്‍പ് അണ്ഡാശയ കാന്‍സര്‍ ബാധിച്ച് ചികിത്സ നടത്തുകയും അസുഖത്തെ അതിജീവിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അവര്‍. ഇതിന് പുറമെ ഉദരത്തില്‍ മറ്റൊരു ട്യൂമര്‍ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനുള്ള ശസ്ത്രക്രിയ വിജയകരമായിരുന്നില്ല.
ശസ്ത്രക്രിയകഴിഞ്ഞ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ആസ്റ്റര്‍ മിംസിലെ സ്ത്രീരോഗ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റു്മാരായ ഡോ. നാസര്‍ ടി, ഡോ. റഷീദ ബീഗം, സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. സലീം വി പി, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. അയിഷാ വര്‍ധ, സ്റ്റാഫ് നഴ്സ് അതിശയ എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചു.

