Connect with us

Community

ഗതാഗത നിയമ ലംഘനങ്ങളുടെ പിഴത്തുകയില്‍ 50 ശതമാനം ഇളവ്

Published

on


ദോഹ: കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയില്‍ 50 ശതമാനം ഇളവ് അനുവദിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്.

സെപ്റ്റംബര്‍ ഒന്നു മുതല്‍ ട്രാഫിക് നിയമ ലംഘകരെ രാജ്യത്തിന്റെ പോര്‍ട്ടുകള്‍ (കര/ വായു/ കടല്‍) വഴി പിഴയും കുടിശ്ശികയും അടക്കാതെ രാജ്യം വിടാന്‍ അനുവദിക്കില്ല. മെട്രാഷ് 2 ആപ്ലിക്കേഷന്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, ട്രാഫിക് വിഭാഗങ്ങള്‍, ഏകീകൃത സേവന കേന്ദ്രങ്ങള്‍ എന്നീ മാര്‍ഗങ്ങളിലൂടെ പിഴ അടയ്ക്കാവുന്നതാണ്.

2024 മെയ് 22 മുതല്‍ മോട്ടോര്‍ വാഹനങ്ങള്‍ ഖത്തറില്‍ നിന്നും പുറത്തുകടക്കുന്നതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കില്‍ നിന്ന് പെര്‍മിറ്റ് ലഭിച്ചിരിക്കണം. ഇത് നിര്‍ദ്ദിഷ്ട ഫോമിലായിരിക്കണം. മാത്രമല്ല വാഹനത്തിന് അടച്ചു തീര്‍പ്പാക്കാത്ത ട്രാഫിക് പിഴകള്‍ ഉണ്ടാകാന്‍ പാടില്ല. മോട്ടോര്‍ വാഹനത്തിന്റെ അന്തിമ ലക്ഷ്യസ്ഥാനം വ്യക്തമാക്കുകയും പെര്‍മിറ്റിന് അപേക്ഷിക്കുന്നയാള്‍ വാഹനത്തിന്റെ ഉടമയോ ഉടമയുടെ സമ്മത രേഖ ഹാജരാക്കുകയോ വേണം.

നിയമം പുറപ്പെടുവിച്ച തിയ്യതി മുതല്‍ രാജ്യത്തിന് പുറത്തുള്ള വാഹനങ്ങള്‍ക്ക് രാജ്യത്തിനകത്ത് സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ പാലിച്ച ശേഷമല്ലാതെ രജിസ്‌ട്രേഷന്‍ പുതുക്കി നല്കുന്നതല്ല.

നിയമപരമായ കാലയളവിനുള്ളില്‍ (അവസാനിച്ച തിയ്യതി മുതല്‍ 30 ദിവസം) രജിസ്‌ട്രേഷന്‍ പുതുക്കിയില്ലെങ്കില്‍ വാഹന ഉടമ ലൈസന്‍സ് നമ്പര്‍ പ്ലേറ്റുകള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലേക്ക് തിരികെ നല്‍കണം.
പ്ലേറ്റുകള്‍ തിരികെ നല്‍കാത്ത പക്ഷം ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ (95) പ്രകാരം നടപടിക്രമങ്ങള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുന്നതാണ്. ഒരാഴ്ചയില്‍ കുറയാത്തതും ഒരു വര്‍ഷത്തില്‍ കൂടാത്തതുമായ തടവും 3,000 ഖത്തര്‍ റിയാലില്‍ താഴെയും 10,000 റിയാലില്‍ കൂടാതെയുമുള്ള പിഴയും അല്ലെങ്കില്‍ ഇവയിലേതെങ്കിലും ഒന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

2024 മെയ് 22 മുതല്‍ ട്രാഫിക് നിയമം ആര്‍ട്ടിക്ക്ള്‍ (49) പ്രകാരം 25 യാത്രക്കാരില്‍ കൂടുതലുള്ള ബസുകള്‍, ടാക്‌സികള്‍, ലിമോസിനുകള്‍ എന്നിവ ഓരോ ദിശയിലും മൂന്നോ അതിലധികമോ പാതകളുള്ള റോഡുകളില്‍ ഇടത് പാത ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഡെലിവറി മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ എല്ലാ റോഡുകളിലും വലത് ലെയ്ന്‍ ഉപയോഗിക്കണം, ഇന്റര്‍സെക്ഷനുകള്‍ക്ക് കുറഞ്ഞത് 300 മീറ്റര്‍ മുമ്പായി ലെയ്ന്‍ മാറ്റം അനുവദിക്കുന്നതാണ്.

നിര്‍ദ്ദിഷ്ട നിയമം പാലിക്കാത്ത പക്ഷം, നിയമ ലംഘകര്‍ക്കെതിരെ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ (95) അനുസരിച്ച് നടപടിക്രമങ്ങള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന്റെ റഫറലിന് വിധേയമായി നിയമനടപടി സ്വീകരിക്കുന്നതാണ്.


error: Content is protected !!