

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആര്‍ട്‌സ് ലിറ്ററി ഡിപ്പാര്‍ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സാഹിത്യ, സാംസ്‌കാരിക, സംവാദ ക്ലബ്ബ് ‘കണ്ണാടി’യുടെ പ്രഥമ എപ്പിസോഡ് മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു.

അംഗങ്ങളുടെ കലാ സാഹിത്യ അഭിരുചികള്‍ പരിപോഷിപ്പിക്കാനും പ്രദര്‍ശിപ്പിക്കാനുമുള്ള വേദിയാണ് ”കണ്ണാടി”. സര്‍ഗ്ഗാത്മകതയും സാഹിത്യ അഭിരുചിയും വളര്‍ത്തിയെടുക്കുക എന്നതോടൊപ്പം തന്നെ സമകാലിക വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ രൂപീകരിക്കുവാന്‍ സഹായകമാകും വിധമുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുക എന്നതും ”കണ്ണാടി”യുടെ ലക്ഷ്യമാണ്.

”പാട്ടിന്റെ വഴിയില്‍” എന്ന സെഷനില്‍ എസ് എ ജമീല്‍ എഴുതിയും പാടിയും അനശ്വരമാക്കിയ ദുബൈ കത്ത് പാട്ടിന്റെ ചരിത്രവും അന്നത്തെ സാഹചര്യത്തില്‍ ഈ പാട്ടിന്റെ പ്രസക്തിയും അദ്ദേഹം പങ്കുവെച്ചു.
”വായനാനുഭവം” എന്ന സെഷനില്‍ കാട്ടുക്കണ്ടി കുഞ്ഞബ്ദുല്ലയുടെ പ്രത്യാശയുടെ അത്ഭുത ഗോപുരം എന്ന പുസ്തകം ചെറുകഥാകൃത്ത് അശ്‌റഫ് മടിയാരി പരിചയപ്പെടുത്തി. ഒരപകടത്തില്‍പെട്ട് ശരീരത്തിന്റെ മിക്കവാറും ഭാഗങ്ങളുടെ ചലനം നിലച്ചു പോയപ്പോഴും ശരീരത്തില്‍ ബാക്കിയായ ചലനങ്ങളെ അനുഗ്രഹങ്ങളായി ഉള്‍ക്കൊണ്ട് ജീവിതം തിരിച്ചു പിടിച്ച കുഞ്ഞബ്ദുല്ലയുടെ ജീവിതാനുഭവം വലിയ പ്രചോദനമായി ആസ്വാദകര്‍ വിലയിരുത്തി.
”അങ്ങിനെ അല്ല ഇങ്ങനെയാണ്” എന്ന സംവാദ സെഷനില്‍ ”തെരഞ്ഞെടുപ്പുകളിലെ മത ചിഹ്നങ്ങളുടെ ഉപയോഗം” എന്ന വിഷയത്തെകുറിച്ച് നടന്ന ചര്‍ച്ചയില്‍ അബ്ദുറഹിമാന്‍ സലഫി, ഷാഹുല്‍ നന്മണ്ട, സജീം ഇബ്രാഹിം, ഷഹീര്‍ രായരോത്ത്, സുബൈര്‍ അബ്ദുറഹിമാന്‍, നസീര്‍ പാനൂര്‍ എന്നിവര്‍ പങ്കെടുത്തു. ശജീഉ, സജീം ഇബ്രാഹിം എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
മദീന ഖലീഫയിലെ ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്ത് നടന്ന പരിപാടിക്ക് ഇസ്ലാഹി സെന്റര്‍ സെക്രട്ടറി താജുദ്ദീന്‍ എം, ആര്‍ട്ട്സ് ആന്‍ഡ് ലിറ്റററി ഡിപ്പാര്‍ട്മന്റ് ചെയര്‍മാന്‍
മുനീര്‍ മാട്ടൂല്‍, കണ്‍വീനര്‍ ശാഹിദ് കായണ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

