

ദോഹ: ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഖത്തറിലെ എട്ട് മുനിസിപ്പാലിറ്റികളിലേയും ഭക്ഷണശാലകളില്‍ നടത്തിയ 96,000 പരിശോധനാ സന്ദര്‍ശനങ്ങളില്‍ 12,000 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ 51 ഭക്ഷണശാലകള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ താത്ക്കാലികമായി അടപ്പിച്ചു.

ദോഹ മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്- 4,573. അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയില്‍ 3,390 നിയമലംഘനങ്ങളും അല്‍ വക്ര മുനിസിപ്പാലിറ്റിയില്‍ 1,335ഉം ഉം സലാല്‍ മുനിസിപ്പാലിറ്റിയില്‍ 833ഉം നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

അല്‍ ദായെന്‍ മുനിസിപ്പാലിറ്റി, അല്‍ ഷിഹാനിയ മുനിസിപ്പാലിറ്റി, അല്‍ ഖോര്‍, അല്‍ ദാഖിറ മുനിസിപ്പാലിറ്റി, അല്‍ ഷമാല്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ യഥാക്രമം 759, 554, 343, 80 എന്നിങ്ങനെയാണ് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയത്.
നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ അല്‍ ഖോര്‍ മുനിസിപ്പാലിറ്റിയില്‍ 11 ഭക്ഷണശാലകള്‍ താത്ക്കാലികമായി അടച്ചു. ദോഹ മുനിസിപ്പാലിറ്റിയിലെ പത്ത് ഭക്ഷണശാലകളും അല്‍ വക്ര മുനിസിപ്പാലിറ്റിയിലെയും ഉമ്മുസലാല്‍ മുനിസിപ്പാലിറ്റിയിലെയും അത്രതന്നെ ഔട്ട്ലെറ്റുകളും നിയമലംഘനങ്ങളുടെ പേരില്‍ അടച്ചുപൂട്ടി. അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ എട്ട് ഔട്ട്ലെറ്റുകളും അല്‍ ദായെന്‍ മുനിസിപ്പാലിറ്റിയിലെ രണ്ട് ഔട്ട്ലെറ്റുകളും ഈ കാലയളവില്‍ അടച്ചുപൂട്ടി.
മൂന്ന് മാസത്തിനിടെ 1,636 ഭക്ഷണ സാമ്പിളുകള്‍ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഇന്‍സ്‌പെക്ടര്‍മാര്‍ കേന്ദ്ര ലബോറട്ടറിയിലേക്ക് കൊണ്ടുപോയി. മുനിസിപ്പാലിറ്റികള്‍ക്ക് 12,000 പൊതുജന പരാതികളാണ് ലഭിച്ചത്.
മുനിസിപ്പാലിറ്റികളിലെ വെറ്ററിനറി സംഘം അറവുശാലകളില്‍ 100,000 കശാപ്പ് മൃഗങ്ങളെ പരിശോധിച്ചു. കശാപ്പ് ചെയ്ത 1,120 മൃഗങ്ങളെ പൂര്‍ണ്ണമായും നശിപ്പിക്കുന്നതിലും 39,000 കിലോഗ്രാം മാംസം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്നും കണ്ടെത്തി.
317 ടണ്‍ മത്സ്യം പരിശോധിച്ച ഉദ്യോഗസ്ഥര്‍ 1.37 ടണ്‍ മത്സ്യം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതിനാല്‍ നശിപ്പിച്ചു. മുനിസിപ്പാലിറ്റികള്‍ 2024 രണ്ടാം പാദത്തില്‍ 1,339 ബില്‍ഡിംഗ് പെര്‍മിറ്റുകളും 14,000 പരസ്യ പെര്‍മിറ്റുകളും നല്‍കി.
മുനിസിപ്പാലിറ്റികളിലുടനീളം പ്രാണികളെയും എലികളെയും നേരിടാന്‍ 39,000 കാമ്പെയ്നുകള്‍ നടത്തി.

