
മലപ്പുറം: സ്ത്രീകളുടെ ശുചിത്വവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദപരമായ നാളെയെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടക്കല്‍ ആസ്റ്റര്‍ മിംസ്, ആസ്റ്റര്‍ വോളന്റിയേഴ്സ്, ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സംയുക്താഭിമുഖ്യത്തില്‍ താനൂര്‍ ഗവണ്മെന്റ് കോളേജില്‍ സൗജന്യ മെന്‍സ്ട്രല്‍ കപ്പ് വിതരണവും ഹരിത ക്യാമ്പസ് ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചു. കോളേജിലെ 460ല്‍ അധികം വിദ്യാര്‍ഥിനികള്‍ക്കാണ് ചടങ്ങില്‍ സൗജന്യമായി ആര്‍ത്തവ കപ്പുകള്‍ വിതരണം ചെയ്തത്. താനൂര്‍ എം എല്‍ എ പി കെ നവാസ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആരോഗ്യ സംരക്ഷണത്തോടൊപ്പം വിദ്യാര്‍ഥികളിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്ന ഇത്തരം പദ്ധതികള്‍ കൂടുതല്‍ സ്ത്രീകളില്‍ അവബോധം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും എം എല്‍ എ പി കെ നവാസ് പ്രതികരിച്ചു. കൂടാതെ കോട്ടക്കല്‍ ആസ്റ്റര്‍ മിംസിന്റെ സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ഭാഗമായി ആര്‍ത്തവ കപ്പുകളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ചും പരിസ്ഥിതി സൗഹൃദ ശുചിത്വ രീതികളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ക്ലാസ്സിന് ആസ്റ്റര്‍ നര്‍ച്ചര്‍ ഡെപ്യൂട്ടി മാനേജര്‍ ഗീതു ആര്‍ നേതൃത്വം നല്‍കി.

ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ക്കപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള വിവിധ പദ്ധതികളിലൂടെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ആസ്റ്റര്‍ വോളണ്ടിയേഴ്‌സും ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി പരിസ്ഥിതി സംരക്ഷണം, സൗജന്യ വൈദ്യസഹായം, ശുചിത്വ ബോധവത്ക്കരണം തുടങ്ങിയ സാമൂഹിക കാരുണ്യ പ്രവര്‍ത്തനങ്ങളാണ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് നടപ്പിലാക്കുന്നത്. താനൂര്‍ ഗവണ്മെന്റ് കോളേജില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍ കെ വി മുഹമ്മദ് ഹസീം, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ അസിസ്റ്റന്റ് മാനേജര്‍ റാഷിഖ് സി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശ്രീലേഖ, വുമണ്‍ സെല്‍ കണ്‍വീനര്‍ ദിവ്യ, ഫഹ്മിദ തുടങ്ങിയവര്‍ സംസാരിച്ചു.
