
ദോഹ: 2026ലെ ആദ്യ ആറ് മാസങ്ങളില്‍ ഖത്തറില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച ഭക്ഷ്യസാമ്പിളുകളുടെ നിരക്ക് 97 ശതമാനമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക വിപണികളില്‍ വില്‍പ്പന നടത്തുന്നവയും അതിര്‍ത്തി പ്രവേശന കവാടങ്ങളിലൂടെ രാജ്യത്തെത്തുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ തുടര്‍ച്ചയായ പരിശോധനയും ലബോറട്ടറി വിശകലനവും ഉള്‍പ്പെടുന്ന ദേശീയ ഭക്ഷ്യ നിരീക്ഷണ- പരിശോധനാ പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.

ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വിവിധ ഭക്ഷ്യവിഭവങ്ങളുടെ 7,755 സാമ്പിളുകളാണ് ലബോറട്ടറിയില്‍ പരിശോധിച്ചത്. ഇതില്‍ 97 ശതമാനം സാമ്പിളുകളും അംഗീകരിച്ച സാങ്കേതിക മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കുന്നതായി കണ്ടെത്തി. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സാമ്പിളുകളുടെ നിരക്ക് മൂന്ന് ശതമാനം മാത്രമാണ്. രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിയന്ത്രണ സംവിധാനത്തിന്റെ കാര്യക്ഷമതയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന നടപടികളുടെ ഫലപ്രാപ്തിയും വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഭക്ഷ്യവിഭവങ്ങളിലൊന്നായ പഴം- പച്ചക്കറി വിഭാഗത്തിനും ദേശീയ പദ്ധതിയില്‍ പ്രത്യേക ശ്രദ്ധ നല്കി. പ്രാദേശികമായും ഇറക്കുമതി ചെയ്തതുമായ വിവിധ ഇനങ്ങളില്‍പ്പെട്ട 1,476 സാമ്പിളുകള്‍ പരിശോധിച്ചു. ഇവയില്‍ 98 ശതമാനം സാമ്പിളുകളും മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കണ്ടെത്തി. കീടനാശിനി അവശിഷ്ടങ്ങള്‍, സൂക്ഷ്മജീവി മലിനീകരണം തുടങ്ങിയവ പരിശോധിക്കുന്നതിലും കാര്‍ഷിക ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും നിയന്ത്രണ സംവിധാനങ്ങള്‍ ഫലപ്രദമാണെന്ന് ഫലങ്ങള്‍ വ്യക്തമാക്കുന്നു.
മത്സ്യ- സമുദ്രോത്പന്ന വിഭാഗത്തില്‍ 779 സാമ്പിളുകളും പരിശോധിച്ചു. പൊതുജനാരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടതും കൂടുതല്‍ സൂക്ഷ്മത ആവശ്യപ്പെടുന്നതുമായ ഭക്ഷ്യവിഭവങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാസമാലിന്യങ്ങള്‍, ശരിയായ കൈകാര്യം ചെയ്യലിന്റെയും സംഭരണത്തിന്റെയും സൂചകങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ- ഗുണനിലവാര മാനദണ്ഡങ്ങളാണ് പരിശോധിച്ചത്. ഈ വിഭാഗത്തില്‍ 98 ശതമാനത്തിലധികം സാമ്പിളുകളും മാനദണ്ഡങ്ങള്‍ പാലിച്ചതായി കണ്ടെത്തി.
മാംസം, കോഴിയിറച്ചി എന്നിവയുടെ 1,374 സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കി. ഇവയില്‍ 93 ശതമാനത്തിലധികം സാമ്പിളുകള്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കണ്ടെത്തി.
പാലുത്പന്നങ്ങളുടെ 1,321 സാമ്പിളുകളും പരിശോധിച്ചു. ഇവയില്‍ 98 ശതമാനത്തിലധികം സാമ്പിളുകളും അംഗീകരിച്ച സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിച്ചു. ഗുണനിലവാര സൂചകങ്ങളുമായും പോഷകഘടനയുമായും ബന്ധപ്പെട്ട പരിമിതമായ ചില മാനദണ്ഡലംഘന കേസുകള്‍ മന്ത്രാലയം തുടര്‍ന്നും നിരീക്ഷിച്ചുവരികയാണ്. വിപണിയില്‍ ലഭ്യമായ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യസുരക്ഷാ നിരീക്ഷണ രീതിയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും പൊതുജനാരോഗ്യവുമായി കൂടുതല്‍ അടുത്ത് ബന്ധപ്പെട്ടതുമായ ഭക്ഷ്യവിഭവങ്ങള്‍ക്ക് പരിശോധനയില്‍ മുന്‍ഗണന നല്കുന്നു. അപകടസാധ്യതകള്‍ നേരത്തേ കണ്ടെത്തി ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ 2026ന്റെ ആദ്യപകുതിയിലും ഭക്ഷ്യസുരക്ഷാ സൂചകങ്ങള്‍ സ്ഥിരതയോടെ നിലനിര്‍ത്താനും ഉയര്‍ന്ന നിലവാരത്തിലുള്ള മാനദണ്ഡപാലനം ഉറപ്പാക്കാനും കഴിഞ്ഞതായി മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി ദേശീയ ഭക്ഷ്യ നിരീക്ഷണ പദ്ധതി തുടര്‍ന്നും ശക്തിപ്പെടുത്തുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരിശോധനാ സംവിധാനങ്ങള്‍, ലബോറട്ടറി വിശകലനം, അപകടസാധ്യതകള്‍ നേരത്തേ തിരിച്ചറിയുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

