Connect with us

NEWS

ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രാഫി ഫെസ്റ്റിവലില്‍ ഓങ് ചാന്‍ താര്‍ (മ്യാന്‍മര്‍), സാദിഖ് ഖഫാഗ (സൗദി അറേബ്യ) എന്നിവര്‍ക്ക് ഒന്നാം സ്ഥാനങ്ങള്‍

Published

on


കൊച്ചി: 2023 സെപ്റ്റംബറില്‍ തുടക്കമായ 15-ാമത് ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രാഫി ഫെസ്റ്റിവലിന്റെ ഭാഗമായി ‘മനോഹരമായ ഭൂപ്രകൃതി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഫെസ്റ്റിവലിലെ വിജയികളെ ഭൗമദിനത്തില്‍ പ്രഖ്യാപിച്ചു.

153 രാജ്യങ്ങളില്‍ നിന്ന് സമര്‍പ്പിക്കപ്പെട്ട 17,716 എന്‍ട്രികളില്‍ നിന്ന് തെരഞ്ഞെടുത്ത പതിമൂന്ന് ഫോട്ടോഗ്രാഫുകള്‍ മനോഹരമായ ഭൂപ്രകൃതിയുടെ സത്ത പകര്‍ത്തുന്നതില്‍ സമാനതകളില്ലാത്ത വൈദഗ്ധ്യവും സര്‍ഗ്ഗാത്മകതയും കാണിക്കുന്നുവെന്ന് ജൂറി വിലയിരുത്തി. മൊത്തം 30,000 ഡോളര്‍ വരുന്ന സമ്മാനത്തുകയില്‍ വിവിധ വിജയികള്‍ 10,000 ഡോളര്‍ മുതല്‍ 750 ഡോളര്‍ വരെയുള്ള സമ്മാനത്തുകകള്‍ നേടി.

_cuva

ജര്‍മ്മനിയിലെ ബോണ്‍ ആസ്ഥാനമായ യു എന്‍ കണ്‍വെന്‍ഷന്‍ ടു കോംബാറ്റ് ഡെസര്‍ട്ടിഫിക്കേഷനും കൊച്ചി ആസ്ഥാനമായ ഗ്രീന്‍സ്റ്റോം ഫൗണ്ടേഷനും ജി 20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷ്യേറ്റീവും സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.

മ്യാന്‍മറിലെ ഓങ് ചാന്‍ തര്‍, അതിമനോഹരമായ നിറങ്ങളിലുള്ള ഇന്തോനേഷ്യയിലെ ബ്രോമോ അഗ്നിപര്‍വ്വതത്തിന്റെ പുലര്‍കാലദൃശ്യം പകര്‍ത്തിയാണ് ക്യാമറ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സമ്മാനത്തുകയായി 10,000 ഡോളര്‍ നേടിയത്. ഈ വിഭാഗത്തിലെ രണ്ടാം സ്ഥാനം ഇറ്റലിയിലെ റോബര്‍ട്ടോ കൊറിനല്‍ഡെസിയാണ്. കോണ്‍വാള്‍ ഭൂപ്രകൃതിയുടെ വര്‍ണ്ണാഭമായ ചിത്രത്തിനാണ് ഇദ്ദേഹം 5,000 ഡോളറിന്റെ രണ്ടാം സ്ഥാനം നേടിയത്. മ്യാന്‍മറിലെ സ്വര്‍ണ്ണ നിറത്തിലുള്ള നെല്‍വയലില്‍ നടന്നു നീങ്ങുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണ് മ്യാന്‍മറില്‍ നിന്നുള്ള മ്യത് സോ ഹെയ്ന് മൂന്നാം സ്ഥാനവും 3,000 ഡോളര്‍ നേടിക്കൊടുത്തത്.

അരിസോണയിലെ മരുഭൂമിയില്‍ വീശുന്ന കാറ്റ് കാലക്രമേണ സൃഷ്ടിക്കുന്ന സുന്ദരദൃശ്യമാണ് സൗദി അറേബ്യയിലെ സാദിഖ് ഖഫാഗയെ മൊബൈല്‍ ഫോണ്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാരനാക്കിയത്. കാനഡയില്‍ നിന്നുള്ള സൗമ്യ നായര്‍ രണ്ടാം സ്ഥാനവും 2000 യുഎസ് ഡോളറും റഷ്യയുടെ അലക്സാണ്ടര്‍ റസുമോവ് മൂന്നാം സ്ഥാനവും 1000 യുഎസ് ഡോളറും നേടി.

ക്യാമറ വിഭാഗത്തിലെ മൂന്ന് ജൂറി പരാമര്‍ശങ്ങള്‍ ഇറ്റലിയില്‍ നിന്നുള്ള ആന്‍ഡ്രിയ കുര്‍സി, ഇന്ത്യയില്‍ നിന്നുള്ള അനൂപ് കൃഷ്ണ, ഇറാനില്‍ നിന്നുള്ള മൊര്‍ട്ടെസ സലേഹി എന്നിവര്‍ക്ക് ലഭിച്ചു. ഓരോരുത്തരും 1,000 ഡോളര്‍ വീതം സമ്മാനമായി നേടി.

ഓരോ വിഭാഗത്തിലും മികച്ച രണ്ട് വിദ്യാര്‍ഥി വിജയികള്‍ ഇന്ത്യ, മ്യാന്‍മര്‍, പോളണ്ട്, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഓരോരുത്തര്‍ക്കും സമ്മാനത്തുകയുടെ 750 ഡോളര്‍ ലഭിച്ചു.

കരഭൂമിയുടെ സംരക്ഷണത്തിനായി അടിയന്തര നടപടി വേണമെന്ന് ഭൗമദിനത്തില്‍ നടന്ന സമ്മാന വിതരണച്ചടങ്ങില്‍ യു എന്‍ സി സി ഡി എക്‌സിക്യൂട്ടീവ് സെക്രട്ടറി ഇബ്രാഹിം തിയാവ് ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങളിലുളള് വിജയികള്‍ക്ക് ഓണ്‍ലൈനായി സമ്മാനത്തുകകള്‍ കൈമാറി.

ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ ലഭിച്ച അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ മറുവശത്ത് സംഭവിക്കുന്ന നമ്മുടെ ഭൂമിയുടെ തകര്‍ച്ചയുടെ നിശിത യാഥാര്‍ഥ്യത്തെയും കാണണമെന്ന് ജി 20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഡോ മുരളി തുമ്മാരുകുടി പറഞ്ഞു.

‘ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ സര്‍ഗ്ഗാത്മകതയുടെ അഗാധമായ കരുത്തിനേയും പരിസ്ഥിതി സംരക്ഷണത്തിനുള്ള സുപ്രധാന ഉപകരണങ്ങളായി ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വിപുലമായ വ്യാപനത്തെയും അടിവരയിടുന്നതാണെന്ന് ഗ്രീന്‍സ്റ്റോം ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റി ദിലീപ് നാരായണന്‍ പറഞ്ഞു:

പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരായ ചാര്‍ലി വെയ്റ്റ് (യു കെ), ലികിത നാഥ് (ഇറാന്‍), ലെന്‍ മെറ്റ്കാഫ് (ഓസ്‌ട്രേലിയ) എന്നിവരാണ് അമ്പത്തിനാല് അന്തിമ ചിത്രങ്ങളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ജൂറി. ഫെബ്രുവരിയില്‍ ഒരു മാസത്തോളം ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു 34,000 വോട്ടുകള്‍ പേര്‍ ഓണ്‍ലൈനില്‍ വോട്ടുകള്‍ രേഖപ്പെടുത്തി. ജൂറിയുടെ സംയോജിത റേറ്റിംഗും പൊതു വോട്ടിംഗിലൂടെയുമാണ് വിജയികളെ തെരഞ്ഞെടുത്തത്.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!