
തൃശൂര്‍: ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് തൃശൂരിലെ 2026 ബാച്ചിന്റെ ഗ്രാജുവേഷന്‍ ഡേ സെപ്റ്റംബര്‍ 12 ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ കോളേജ് ക്യാമ്പസിലെ മില്ലേനിയം ഓഡിറ്റോറിയത്തില്‍ നടക്കും.

ഈ വര്‍ഷം കോളേജില്‍ നിന്ന് 800-ലധികം വിദ്യാര്‍ഥികള്‍ വിവിധ പഠനപരിപാടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി 667 വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 486 പേര്‍ ബിരുദ വിദ്യാര്‍ഥികളും 177 പേര്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും നാല് പേര്‍ പി എച്ച് ഡി ഗവേഷകരുമാണ്.

ബി ടെക് വിഭാഗങ്ങളിലായി 565 വിദ്യാര്‍ഥികളും എം ടെക് വിഭാഗങ്ങളിലായി 205 വിദ്യാര്‍ഥികളും എം പ്ലാന്‍ വിഭാഗത്തില്‍ 17 വിദ്യാര്‍ഥികളും പഠനം പൂര്‍ത്തിയാക്കി. ഇതിനൊപ്പം, ബി ആര്‍ക്ക് 2021- 26 ബാച്ചും മികച്ച വിജയം രേഖപ്പെടുത്തി.
കേരളത്തിലെ എന്‍ജിനീയറിംഗ് വിദ്യാഭ്യാസരംഗത്ത് പ്രമുഖ സ്ഥാനമുള്ള ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് തൃശൂര്‍, സി ഇ ടിക്ക് ശേഷം വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജുകളിലൊന്നായി പരിഗണിക്കപ്പെടുന്നു. അക്കാദമിക മികവിനൊപ്പം പ്ലേസ്മെന്റ് രംഗത്തും ഈ വര്‍ഷം ശ്രദ്ധേയമായ നേട്ടമാണ് കോളേജ് കൈവരിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ 750-ഓളം തൊഴില്‍ ഓഫറുകള്‍ ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ശമ്പള ഓഫര്‍ 24 ലക്ഷം രൂപ വാര്‍ഷിക പാക്കേജാണ്. നയാര, എം ആര്‍ എഫ്, ഒറാക്കിള്‍, എല്‍ ആന്‍ഡ് ടി ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ വിദ്യാര്‍Lികള്‍ തൊഴില്‍ അവസരങ്ങള്‍ നേടിയിട്ടുണ്ട്. പഠനകാലത്ത് നേടിയ സാങ്കേതിക അറിവും പ്രായോഗിക പരിശീലനവും തൊഴില്‍ മേഖലയിലേക്ക് മാറ്റാന്‍ കഴിഞ്ഞതിന്റെ സൂചനയായാണ് ഈ നേട്ടങ്ങളെ കാണുന്നത്.
വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ എനര്‍ജി സിസ്റ്റംസ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ഷനീത് എം ഗ്രാജുവേഷന്‍ ഡേയുടെ മുഖ്യാതിഥിയായിരിക്കും. ദുബായില്‍ നിന്നുള്ള ആര്‍ ഗാരി ഗില്‍സണ്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജാസ്മിന്‍ ഇ എ ചടങ്ങിന് നേതൃത്വം നല്‍കും. ജനറല്‍ കണ്‍വീനറായ ഡോ. ശ്രീല പ. കെ സ്വാഗതം ആശംസിക്കും.

