സാമൂഹിക ഇടപെടലുകള്‍ക്ക് സ്‌നേഹാദരം; വേണു വടകരയ്ക്ക് പി ജി എഫ് കര്‍മ്മജ്യോതി പുരസ്‌കാരം

Web Desk
2 Min Read

മനാമ: ബഹ്‌റൈനിലെ പ്രഫഷണല്‍ കൗണ്‍സിലര്‍മാരുടെ സംഘടനയായ പ്രവാസി ഗൈഡന്‍സ് ഫോറം എല്ലാ വര്‍ഷവും നല്‍കി വരുന്ന കര്‍മ്മജ്യോതി പുരസ്‌കാരത്തിന് ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ വേണു വടകരയെ തെരഞ്ഞെടുത്തതായി പി ജി എഫ് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ബഹ്‌റൈനിലെ സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തനരംഗങ്ങളില്‍ അദ്ദേഹം നല്‍കി വരുന്ന സേവനങ്ങള്‍ മാനിച്ചും പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളില്‍ നടത്തിവരുന്ന സജീവ ഇടപെടലുകള്‍ കണക്കിലെടുത്തുമാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നത്.

city exchange

ഡോ. ബാബു രാമചന്ദ്രന്‍, ചന്ദ്രന്‍ തിക്കോടി, എസ് വി ജലീല്‍, ഫ്രാന്‍സിസ് കൈതാരത്ത്, സലാം മമ്പാട്ടുമൂല, പി വി രാധാകൃഷ്ണപിള്ള, സുബൈര്‍ കണ്ണൂര്‍, പി ഉണ്ണികൃഷ്ണന്‍, മനോജ് വടകര, സുബൈര്‍ കണ്ണൂര്‍, ബഷീര്‍ അമ്പലായി എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം നല്‍കിയത്.

ഇതോടൊപ്പം സംഘടനയുടെ അംഗങ്ങള്‍ക്കായി നല്‍കിവരാറുള്ള പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. പി ജി എഫ് പ്രോഡിജി അവാര്‍ഡ് രശ്മി എസ് നായര്‍, മികച്ച കൗണ്‍സിലര്‍ക്കുള്ള അവാര്‍ഡ് ബിജു തോമസ്, മികച്ച ഫാക്കല്‍റ്റി പുരസ്‌കാരം റോസ് ലാസര്‍, മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള അവാര്‍ഡ് രഞ്ജിത്ത് ജോണ്‍, മികച്ച കോര്‍ഡിനേറ്റര്‍ക്കുള്ള പുരസ്‌കാരം ജിഷ അനു വില്യം എന്നിവര്‍ക്കുമാണ് സമ്മാനിക്കുക.

2026 ഒക്ടോബര്‍ 2ന് സല്‍മാനിയയിലെ കെ സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് പ്രവാസി ഗൈഡന്‍സ് ഫോറം ഭാരവാഹികള്‍ അറിയിച്ചു. ഇതോടൊപ്പം ഓണാഘോഷപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. ബിനു ബിജു പ്രസിഡണ്ടും ബിജു കെ പി ജനറല്‍ സെക്രട്ടറിയുമായുള്ള 32 അംഗം നിര്‍വാഹക സമിതിയാണ് നോര്‍ക്ക അംഗീകൃതമായ പ്രവാസി ഗൈഡന്‍സ് ഫോറത്തിനെ നയിക്കുന്നത്.

- Advertisement -
Ad image

കോഴിക്കോട് ജില്ലയിലെ വടകര ചെമ്മരത്തൂര്‍ സ്വദേശിയാണ് വേണു വടകര. പ്രവാസി ക്ഷേമത്തിനും നോര്‍ക്ക, പ്രവാസി ക്ഷേമനിധി തുടങ്ങിയ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുന്ന സജീവ സാമൂഹിക പ്രവര്‍ത്തകനാണ്. കഴിഞ്ഞ 35 വര്‍ഷത്തോളമായി ബഹ്‌റൈന്‍ പ്രവാസിയായ വേണു ഇവിടെ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട നോര്‍ക്ക മരണാനന്തര ആനുകൂല്യങ്ങളും സഹായങ്ങളും തടസ്സങ്ങളില്ലാതെ എത്തിക്കുന്നതില്‍ അദ്ദേഹം നടത്തുന്ന നിസ്വാര്‍ഥ സേവനം ഏറെ പ്രശംസനീയമാണ്. സ്വന്തം ജോലിയുടെ തിരക്കുകള്‍ക്കിടയിലും ഒറ്റയാള്‍ പോരാളിയെപ്പോലെയാണ് പ്രവാസികള്‍ക്കായി അദ്ദേഹം കര്‍മ്മരംഗത്ത് നിലകൊള്ളുന്നത്.

Share This Article
Leave a Comment
error: Content is protected !!