
ദോഹ: ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള ബന്ധവും അത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല അല്‍ സൗദും അവലോകനം ചെയ്തു.

പ്രാദേശിക സാഹചര്യങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. മേഖലയില്‍ സംഘര്‍ഷം കുറയ്ക്കുന്നതിനും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമായി നടക്കുന്ന നയതന്ത്ര നീക്കങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനവും ചര്‍ച്ചയില്‍ പ്രധാന വിഷയമായി.

ഫോണ്‍ സംഭാഷണത്തിനിടെ, നയതന്ത്ര ശ്രമങ്ങള്‍ക്കും സമാധാനപരമായ പരിഹാരം ലക്ഷ്യമിട്ടുള്ള എല്ലാ നീക്കങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണ പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.
സമുദ്രഗതാഗതത്തിന്റെ സ്വാതന്ത്ര്യം ഉറപ്പാക്കുകയും മേഖലയില്‍ സുസ്ഥിര സമാധാനം കൈവരിക്കുന്ന സമഗ്ര കരാറിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്ന പരിഹാരമാണ് ലക്ഷ്യമിടുന്നതെന്നും അതിനായുള്ള ശ്രമങ്ങളെ ഖത്തര്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

