ജോര്‍ദാനില്‍ ഏഷ്യന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് സ്വര്‍ണം

Web Desk
1 Min Read

അമ്മാന്‍: ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നടക്കുന്ന 24-ാമത് ഏഷ്യന്‍ കേഡറ്റ്, ജൂനിയര്‍, അണ്ടര്‍-21 കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് സ്വര്‍ണമെഡല്‍. അണ്ടര്‍-21 വിഭാഗത്തിലെ 60 കിലോഗ്രാമില്‍ താഴെയുള്ളവരുടെ ഇനത്തില്‍ ഖത്തര്‍ താരം അബ്ദുല്‍റഹ്മാന്‍ മുസ്തഫയാണ് സ്വര്‍ണം നേടിയത്.

city exchange

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി 30 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 350-ലേറെ പുരുഷ- വനിതാ താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്താണ് അബ്ദുല്‍റഹ്മാന്‍ മുസ്തഫ സ്വര്‍ണം സ്വന്തമാക്കിയത്. നറുക്കെടുപ്പില്‍ ബൈ ലഭിച്ചതോടെ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ താരം ചൈനീസ് തായ്പേയിയുടെ ഷിഹ് പോ-യുനെ 11-3ന് പരാജയപ്പെടുത്തി.

സെമിഫൈനലില്‍ സൗദി അറേബ്യയുടെ സുല്‍ത്താന്‍ അല്‍-മസിരിയെ 11-7ന് തോല്‍പ്പിച്ച മുസ്തഫ ഫൈനലില്‍ ഇന്ത്യയുടെ വിരാജ് സൈനിയെ 4-1ന് കീഴടക്കി സ്വര്‍ണമെഡല്‍ സ്വന്തമാക്കി. വിരാജ് സൈനിക്ക് വെള്ളിമെഡല്‍ ലഭിച്ചു.

- Advertisement -
Ad image

ഖത്തറിന്റെ മറ്റൊരു താരം ഹസന്‍ മന്‍സൂര്‍ യൂത്ത് വിഭാഗത്തിലെ 76 കിലോഗ്രാമിന് മുകളിലുള്ളവരുടെ ഇനത്തില്‍ വെള്ളിമെഡല്‍ നേടി. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന്റെ മെഡല്‍ നേട്ടം ഒരു സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പെടെ രണ്ടായി.

അണ്ടര്‍-21 വിഭാഗത്തിലെ 60 കിലോഗ്രാമില്‍ താഴെയുള്ളവരുടെ ഇനത്തില്‍ അബ്ദുല്‍റഹ്മാന്‍ മുസ്തഫയും യൂത്ത് വിഭാഗത്തിലെ 76 കിലോഗ്രാമിന് മുകളിലുള്ളവരുടെ ഇനത്തില്‍ ഹസന്‍ മന്‍സൂറുമാണ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിനെ പ്രതിനിധീകരിക്കുന്നത്. ഖത്തര്‍ തായ്ക്വാന്‍ഡോ, ജൂഡോ, കരാട്ടെ ഫെഡറേഷന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ റാഷിദ് അല്‍- ഹജ്രിയാണ് സംഘത്തെ നയിക്കുന്നത്.

കേഡറ്റ്, ജൂനിയര്‍, അണ്ടര്‍-21 വിഭാഗങ്ങളിലെ കത്ത, കുമിത്തെ മത്സരങ്ങളാണ് 24-ാമത് ഏഷ്യന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ നടക്കുന്നത്. പ്രായവിഭാഗങ്ങളിലെ ഏഷ്യയിലെ പ്രധാന കരാട്ടെ മത്സരങ്ങളിലൊന്നായ ചാമ്പ്യന്‍ഷിപ്പില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളുടെ വലിയ പങ്കാളിത്തമാണുള്ളത്.

Share This Article
Leave a Comment
error: Content is protected !!