

കോഴിക്കോട്: ദാസനേയും വിജയനേയും മദിരാശിക്കടപ്പുറത്ത് ഇറക്കിവിട്ട കള്ളലോഞ്ച് ഏജന്റ് ഗഫൂര്‍ക്ക ഇനിയില്ല. മലയാളത്തിന്റെ വെള്ളിത്തിരയെ പൊട്ടിച്ചിരിപ്പിച്ച ഒരു കലാകാരന്‍ കൂടി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

ചലച്ചിത്ര താരം മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.

മലപ്പുറത്ത് പൂങ്ങോട് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനെത്തിയ മാമുക്കോയയ്ക്ക് തിങ്കളാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യാശുപത്രിയിലും പിന്നീട് കോഴിക്കോട് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതവും തലച്ചോറിലെ രക്തസ്രാവവും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കുകയായിരുന്നു.
നാളെ രാവിലെ 10 മണിക്കാണ് ഖബറടക്കം. കോഴിക്കോട് ടൗണ്‍ഹാളിലും രാത്രി വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിനുവെക്കും.
ഭാര്യ: സുഹറ. മക്കള്‍: നിസാര്‍, ഷാഹിദ, നാദിയ, അബ്ദുല്‍ റഷീദ്.
കോഴിക്കോട് പള്ളിക്കണ്ടിയില്‍ മമ്മദിന്റേയും ഇമ്പച്ചി ആയിഷയുടേയും മകനായി 1946ലായിരുന്നു ജനനം. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ച അദ്ദേഹത്തെ ജ്യേഷ്ഠനാണ് സംരക്ഷിച്ചത്. കോഴിക്കോട് എം എം ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വരെ പഠിച്ച അദ്ദേഹം നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയത്.
കല്ലായിയില്‍ മരം അളക്കല്‍ ജോലിയിലായിരുന്ന മാമുക്കോയ കോഴിക്കോടന്‍ സാംസ്‌ക്കാരിക ലോകത്ത് ശ്രദ്ധേയനായിരുന്നു. മലയാളത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറുമായി മികച്ച ബന്ധം സൂക്ഷിച്ച അദ്ദേഹം 1979ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധായകനായ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തിയത്.
ദൂരെ ദൂരെ കൂടുകൂട്ടാം എന്ന ചിത്രത്തില്‍ അറബിക്ക് മുന്‍ഷിയായി ചെയ്ത വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. അതോടെ തൊണ്ണൂറുകളില്‍ ഇന്നസെന്റിനോടൊപ്പം നിരവധി ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങിയ സംവിധായകരുടെ സിനിമകളില്‍ സ്ഥിരമായിരുന്ന അദ്ദേഹം സുലൈഖ മന്‍സില്‍ എന്ന ചിത്രത്തില്‍ ലുക്മാന്‍ അവറാന്‍ അവതരിപ്പിച്ച പ്രധാന കഥാപാത്രത്തിന്റെ മൂത്താപ്പ അബ്ദുറഹ്മാനായാണ് അവസാനം തിയേറ്ററിലെത്തിയത്.
നാനൂറ്റന്‍പതിലേറെ സിനിമകളിലാണ് അദ്ദേഹം ഇതിനകം അഭിനയിച്ചത്. മലയാളത്തിന് പുറമേ നാല് തമിഴ് സിനിമകളിലും ഒരു ഫ്രഞ്ച് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
2004ല്‍ പെരുമഴക്കാലത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം, 2008ല്‍ ഇന്നത്തെ ചിന്താവിഷയത്തിന് മികച്ച ഹാസ്യനടനുള്ള പുരസ്‌ക്കാരം എന്നിവ ലഭിച്ചു.

