
കാബൂള്‍: ജലാലാബാദില്‍ ഐ എസ് കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റതായി വിവരം.


ഐ എസിന്റെ ശക്തികേന്ദ്രമാണ് ജലാലാബാദ്. നന്‍ഗര്‍ഹര്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് ജലാലാബാദ്. ആഗസ്ത് മാസത്തില്‍ കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നൂറോളം ആളുകളുടെ മരണത്തിന് കാരണമായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിരുന്നു. ഇവരെ ഉന്നം വെച്ചാണ് ഇപ്പോള്‍ സ്ഫോടനം നടന്നതെന്ന അഭ്യൂഹങ്ങളുമുണ്ട്.
വിമാനത്താവളത്തിന് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നാലെ ആഗസ്ത് 29ന് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഏഴ് കുട്ടികളടക്കം പത്ത് സാധാരണ പൗരന്മാരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.

ഐ എസ് ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്ക നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും പിന്നീട് കാബൂളിലെ ഡ്രോണ്‍ ആക്രമണം തങ്ങള്‍ക്ക് സംഭവിച്ച പിഴവാണെന്ന് അവര്‍ പറഞ്ഞിരുന്നു. നിരീക്ഷണ ഡ്രോണുകള്‍ക്ക് പറ്റിയ പിഴവാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് പെന്റഗണ്‍ പറഞ്ഞത്.

