

ദോഹ: ജര്‍മ്മന്‍ ഫെഡറല്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ നടത്തിയ പരാമര്‍ശങ്ങള്‍ തള്ളി ഖത്തര്‍. മന്ത്രിയുടെ പരാമര്‍ശങ്ങളെ ഖത്തര്‍ അപലപിക്കുകയും ചെയത്ു. പരാമര്‍ശങ്ങളെ കുറിച്ച് ജര്‍മനി വ്യക്തത വരുത്തണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു. ഖത്തറിലെ ജര്‍മന്‍ അംബാസഡര്‍ ഡോ. ക്ലോഡിയസ് ഫിഷ്ബാക്കിനെ വിളിച്ചു വരുത്തി ഖത്തറിന്റെ പ്രതിഷേധം അറിയിച്ചു.

പതിറ്റാണ്ടുകളായി അന്യായമായ സ്റ്റീരിയോടൈപ്പില്‍ ദുരിതമനുഭവിക്കുന്ന പ്രദേശത്തോടും ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തോട് നടത്തിയ പരാമര്‍ശങ്ങളെ ഖത്തര്‍ പൂര്‍ണ്ണമായും നിരസിക്കുന്നതായി ഖത്തര്‍ അറിയിച്ചു.

പ്രദേശത്തിന്റെ നാഗരികതയും പൈതൃകവും ലോകമെമ്പാടും പ്രദര്‍ശിപ്പിക്കുന്നതിനായി ലോകകപ്പിന്റെ ഏറ്റവും മികച്ച പതിപ്പുകളിലൊന്ന് സംഘടിപ്പിക്കാന്‍ ഖത്തര്‍ തീരുമാനിച്ചിട്ടുണ്ടെന്നും രാജ്യം ഊന്നിപ്പറഞ്ഞു.
അടുത്തയാഴ്ച ദോഹയിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദര്‍ശനത്തിന് മുന്നോടിയായി മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ നയതന്ത്ര മാനദണ്ഡങ്ങള്‍ക്കും കണ്‍വെന്‍ഷനുകള്‍ക്കും എതിരാണെന്ന് ഖത്തര്‍ എടുത്തുകാണിക്കുന്നു. ഖത്തറും ജര്‍മനിയും തമ്മില്‍ നിലനില്‍ക്കുന്ന മികച്ച ബന്ധത്തിന്റെ വെളിച്ചത്തില്‍ ഇത്തരമൊരു പരാമര്‍ശത്തിന്റെ വ്യക്തതയും ഖത്തര്‍ ആവശ്യപ്പെട്ടു.
തൊഴില്‍ മേഖലയില്‍ ഖത്തര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളെ ഏറ്റവും പ്രമുഖ മനുഷ്യാവകാശ ഗ്രൂപ്പുകളും യു എന്‍ ഏജന്‍സികളും പ്രശംസിച്ചുവെന്നും അവ ഫലപ്രദവും ദീര്‍ഘകാലവുമുള്ളതാണെന്നും വര്‍ഷങ്ങളുടെ ആസൂത്രണത്തിന്റെയും പഠനങ്ങളുടെയും ഫലമാണെന്നും രാജ്യം എടുത്തുകാട്ടി. പരിഷ്‌കാരങ്ങളില്‍ അവയുമായി ബന്ധപ്പെട്ട നിരവധി തൊഴില്‍ നിയമങ്ങളും സമ്പ്രദായങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എടുത്തുകാട്ടി.
ജര്‍മ്മന്‍ ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം ഖത്തറി ജനതയ്ക്ക് അസ്വീകാര്യവും പ്രകോപനപരവുമാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. മറ്റ് രാജ്യങ്ങളുമായുള്ള അവരുടെ ബന്ധത്തിന്റെ ചെലവില്‍ പ്രാദേശികമായുള്ള രാഷ്ട്രീയ നേട്ടത്തിനാണ് പല രാഷ്ട്രീയക്കാരും ശ്രമിക്കുന്നതെന്നും ഖത്തര്‍ കുറ്റപ്പെടുത്തി.
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമം ഖത്തര്‍ നേടിയതിനുശേഷം മറ്റൊരു ആതിഥേയ രാജ്യവും ഇതുവരെ കണ്ടിട്ടില്ലാത്ത അഭൂതപൂര്‍വമായ അപവാദ പ്രചരണമാണ് നടക്കുന്നതെന്ന് ഡോ. അല്‍ അന്‍സാരി ചൂണ്ടിക്കാട്ടി. അപവാദങ്ങളും ഇരട്ടത്താപ്പുകളും ഉള്‍പ്പെടുത്തി പ്രചാരണം തുടരുകയും വിപുലീകരിക്കുകയും ചെയ്തുവെന്നും ഖത്തര്‍ അതിന്റെ വികസന പ്രക്രിയയുമായി മുമ്പോട്ടു പോവുകയും അന്താരാഷ്ട്ര നിലപാട് ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അത്തരം പ്രചാരണങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് വേളയില്‍ പരസ്പര ബഹുമാനത്തിന്റെ ചട്ടക്കൂടില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പരിഷ്‌കൃത ആശയവിനിമയത്തിനും ധാരണ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേന്ദ്രമായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഖത്തറെന്നും പറഞ്ഞു.

