
ദോഹ: ഡിസൈന്‍, ഫാഷന്‍, ടെക്‌നോളജി മേഖലകളിലെ നവോഥാനത്തിനും സംരംഭകത്വത്തിനുമുള്ള ഖത്തറിന്റെ മുന്‍നിര ഹബ്ബായ എം7 ഫ്രാങ്കാ സോസാനി ഫണ്ട് ഫോര്‍ പ്രിവന്റീവ് ജീനോമിക്‌സുമായി സഹകരിച്ച് ഫ്രാങ്കാ ഫണ്ട് ഗാലാ ദോഹയിലെ ഇസ്ലാമിക് ആര്‍ട് മ്യൂസിയത്തില്‍ സംഘടിപ്പിച്ചു. ഖത്തര്‍ മ്യൂസിയംസിന്റെ ചെയര്‍പേഴ്‌സണും ഫാഷന്‍ ട്രസ്റ്റ് അറേബ്യയുടെ കോ-ചെയര്‍പേഴ്‌സണുമായ ശൈഖ അല്‍ മയ്യാസ ബിന്‍ത് ഹമദ് അല്‍ താനിയുടെ നേതൃത്വത്തിലും ജോര്‍ദാന്‍ രാജ്ഞി റാനിയ അല്‍ അബ്ദുള്ളയുടെ സാന്നിധ്യത്തിലും ലോകമെമ്പാടുമുള്ള പ്രശസ്ത വ്യക്തികളുടെ പങ്കാളിത്തത്തോടെയുമായിരുന്നു പരിപാടി.

വോഗ് ഇറ്റാലിയയുടെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന പ്രഗത്ഭ മാധ്യമ പ്രവര്‍ത്തക ഫ്രാങ്കാ സോസാനിയുടെ ജീവിതവും പൈതൃകവും അനുസ്മരിക്കുന്നതിനോടൊപ്പം മുന്‍കരുതല്‍ ജീനോമിക്‌സ് ഗവേഷണത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നിര്‍ണായക ഫണ്ടുും സമാഹരിച്ചു.

ഖത്തറിന്റെ കഴിഞ്ഞ 50 വര്‍ഷത്തെ സാംസ്‌കാരിക വളര്‍ച്ച ആഘോഷിക്കുന്ന ‘എവല്യൂഷന്‍ നേഷന്‍’ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഗാലാ സംഘടിപ്പിച്ചത്. രാജ്യത്തിന്റെ സാംസ്‌കാരിക നേട്ടങ്ങളും ഭാവിയിലേക്കുള്ള ദര്‍ശനങ്ങളും ഈ ആഘോഷം ഉള്‍ക്കൊള്ളുന്നു.
ഫാഷന്‍ എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടാനും പ്രയാസകരമായ വിഷയങ്ങളെ സമൂഹത്തിനുമുന്നില്‍ എത്തിക്കാനും ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദമാകാനും ധൈര്യപ്പെട്ട ഫ്രാങ്കാ സോസാനിയുടെ ദര്‍ശനത്തെ ആദരിക്കാനാണ് ഒരുമിച്ചിരിക്കുന്നതെന്നും അവരുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ അവരുടെ ധൈര്യത്തെയും സ്ഥിരതയെയും നാം ആഘോഷിക്കുന്നുവെന്ന് ശൈഖ അല്‍ മയാസ ചടങ്ങില്‍ പ്രസ്താവിച്ചു.
ചടങ്ങില്‍ നാല് മില്യണ്‍ യു എസ് ഡോളറിലധികം ഫണ്ട് സമാഹരിക്കപ്പെട്ടു. ഈ തുക പൂര്‍ണമായും ഫ്രാങ്കാ ഫണ്ടിന്റെ ദര്‍ശനപരമായ ലക്ഷ്യങ്ങള്‍ക്കാണ് വിനിയോഗിക്കുക. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലും മാസ് ജനറല്‍ ബ്രൈഹാമിലും മുന്‍കരുതല്‍ ജീനോമിക്‌സില്‍ നടക്കുന്ന തുടര്‍ഗവേഷണങ്ങള്‍ക്കും പിന്തുണ നല്‍കും.

