

ടെഹ്‌റാന്‍: ഇസ്രായേലിന്റെ ആക്രമണത്തോടൊപ്പം അമേരിക്ക കൂടി ചേര്‍ന്നതോടെ പ്രതികാര നടപടികളിലേക്ക് ഇറാന്‍. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള പ്രമേയത്തെ അനുകൂലിച്ച് ഇറാന്‍ പാര്‍ലമെന്റ് വോട്ട് ചെയ്തു. ഇറാന്റെ പ്രസ് ടിവിയാണ് ഇക്കാര്യം പുറത്തുവിട്ടത്. പാര്‍ലമെന്റ് അംഗീകരിച്ചത് സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കൂടി അംഗീകരിക്കേണ്ടതുണ്ട്.

അറേബ്യന്‍ ഗള്‍ഫിനും ഒമാന്‍ ഉള്‍ക്കടലിനും ഇടയിലാണ് ഹോര്‍മുസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്. ഹോര്‍മുസ് കടലിടുക്കിലുണ്ടാകുന്ന ഗതാഗത തടസ്സം ഇന്ത്യ, ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ആഗോള ഊര്‍ജ്ജ വിപണിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.

അതിനിടെ ആഗോള എണ്ണവിലയില്‍ കുത്തനെ ഉയര്‍ച്ചയുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 9 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. 2022 അവസാനത്തിനുശേഷം ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടണമെന്ന വോട്ടെടുപ്പ് ഉടന്‍ അടച്ചുപൂട്ടാനുള്ളതല്ലെന്നും പ്രതിരോധ നിലപാടിന്റെ ഭാഗമായാണ് നടപടിക്ക് അംഗീകാരം നല്‍കുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ശരിയായ സമയം വരുമ്പോള്‍ ഇറാന്‍ തങ്ങള്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കുക.

