

ദോഹ: കോര്‍ണിഷിലെ ഫ്ളാഗ് കോര്‍ണറില്‍ കാറ്റിലാടുന്ന 32 രാജ്യങ്ങളുടെ പതാകകള്‍. സമീപം ഫിഫ ലോകകപ്പ് 2022ന് ഇനിയെത്ര മണിക്കൂറും മിനുട്ടും സെക്കന്റുകളും ദൂരമെന്ന് കാണിക്കുന്ന ലോകകപ്പ് ക്ലോക്ക്.

കോര്‍ണിഷ് ഫ്ളാഗ് കോര്ണറിലേക്കെത്തുന്ന ആരാധകരുടെ മുഖത്ത് നിറയെ കൗതുകമാണ്. തൊട്ടടുത്തു ലോകകപ്പ് കാണുന്നതുപോലുള്ള പ്രതീതി. നവംബര്‍ ഒന്നുമുതല്‍ കോര്‍ണിഷിലേക്കുള്ള വാഹന ഗതാഗതം നിര്‍ത്തലാക്കുന്നതിന് മുമ്പായി പതാകയും ക്ലോക്കും കാണാനും ഫോട്ടോ എടുക്കാനുമുള്ള തിരക്കായിരുന്നു ഇന്നലെ വരെ. ഇനി നടന്നും ഫുട്ബാള്‍ മഹാമേളയുടെ ആരവങ്ങളിലലിഞ്ഞും ആളുകള്‍ ഇവിടെയെത്തും.

കോര്‍ണിഷിന്റെ ഒരറ്റത്തു നിന്നും മറ്റൊരറ്റത്തേക്കുള്ള നടത്തം ആഘോഷത്തിമര്പ്പിലൂടെ നിര്‍വഹിക്കാം. ലോകകപ്പിനോടനുബന്ധിച്ച് നിര്‍മിച്ച ഇന്‍സ്റ്റലേഷനുകള്‍ ഉള്‍പ്പെടെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ലോകകപ്പ് ആരാധകരായ സഞ്ചാരികള്‍ക്കും വലിയ കാഴ്ചയാണ് ഖത്തറില്‍ സമ്മാനിക്കുക.

