

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മോദിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിനിധി തല ചര്‍ച്ച നടത്തി. 12 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി റോമിലെത്തുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ ഇറ്റലി സന്ദര്‍ശനം കൂടിയാണിത്. പ്രധാനമന്ത്രി പോപ്പിനെ ഇന്ത്യയിലേക്കും ക്ഷണിച്ചേക്കുമെന്നും സൂചനകളുണ്ട്. ജി-20 സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോദി കഴിഞ്ഞ ദിവസം റോമിലെത്തിയത്. ഇന്നും നാളെയുമാണ് സമ്മേളനം നടക്കുന്നത്.

ഇറ്റലി പ്രധാനമന്ത്രി മാരിയോ ദരാഗിയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥ വ്യതിയാനവും സമ്മേളനത്തില്‍ പ്രധാനചര്‍ച്ചയാവും. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ജി-20 സമ്മേളനത്തില്‍ സാമ്പത്തിക പുരോഗതിക്ക് വേണ്ടിയുള്ള നിര്‍ദേശങ്ങളും പ്രധാനമന്ത്രി പങ്കുവെക്കും.

