

കൊച്ചി: ഖത്തറില്‍ നിന്നും വിനോദ സഞ്ചായത്തിനായി കെനിയയിലെത്തിയ ഇന്ത്യന്‍ സംഘത്തിന്റെ ബസ് മറിഞ്ഞ് മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തും. രാവിലെ 8.45ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് അഞ്ചു പേരുടേയും മൃതദേഹങ്ങളും പരിക്കേറ്റ ബന്ധുക്കളും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക.

മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തുക.

ഒപ്പമുള്ള ബന്ധുക്കള്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെല്ലോ ഫീവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലില്‍ പ്രത്യേക സാഹചര്യത്തില്‍ കേന്ദ്രം നിബന്ധന ഒഴിവാക്കി. കെനിയയില്‍ നിന്നു ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് മാത്രമാണ് യെല്ലോ ഫീവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ വ്യക്തമാക്കിയത്. ഇതോടെ കെനിയയിലെ ലോക കേരള സഭാംഗങ്ങള്‍ അടിയന്തിര ഇടപെടല്‍ തേടി നോര്‍ക്ക റൂട്ട്‌സിനെ വിവരം അറിയിക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നത്തില്‍ ഇടപെടുകയുമായിരുന്നു.
സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ഏറ്റുവാങ്ങും.
ജൂണ്‍ ഒന്‍പതിനാണ് പ്രാദേശിക സമയം വൈകിട്ട് നാലരയ്ക്ക് 28 പേരടങ്ങിയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. നെയ്‌റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്‌റൂറുവിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേയ്ക്ക് കീഴ്‌മേല്‍ മറിയുകയായിരുന്നു.

