
ദോഹ: ഖത്തര്‍ നാഷണല്‍ മ്യൂസിയം സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഒരു രാജ്യത്തിന്റെ പൈതൃകം, ഒരു ജനതയുടെ ഓര്‍മ: അരനൂറ്റാണ്ട് പറയുന്നു’ പ്രദര്‍ശനം ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍ താനി ഉദ്ഘാടനം ചെയ്തു. 50 വര്‍ഷത്തെ മ്യൂസിയത്തിന്റെ യാത്ര അടയാളപ്പെടുത്തുന്ന പ്രദര്‍ശനം നിരവധി പ്രധാന പരിപാടികളോടെയാണ് ആരംഭിച്ചത്.

1975-ല്‍ മേഖലയിലെ ആദ്യ ദേശീയ മ്യൂസിയമായി സ്ഥാപിതമായ നാഷണല്‍ മ്യൂസിയം ഓഫ് ഖത്തറിന്റെ ചരിത്രം, വളര്‍ച്ച, നവീകരണം എന്നിവ സമഗ്രമായി പ്രതിഫലിപ്പിക്കുന്നതാണ് പ്രദര്‍ശനം. ഫ്രഞ്ച് ആര്‍ക്കിടെക്റ്റ് ജീന്‍ നുവല്‍ രൂപകല്പന ചെയ്ത ഐക്കോണിക് കെട്ടിടത്തില്‍ 2019-ല്‍ പുതുതായി പുനര്‍ജനിച്ച മ്യൂസിയത്തിന്റെ അനുഭവലോകത്തെ ഇതിലൂടെ കാണാം.

ഉദ്ഘാടന ചടങ്ങില്‍ ഖത്തര്‍ മ്യൂസിയംസ് സി ഇ ഒ മുഹമ്മദ് സാദ് അല്‍ റുമൈഹി, ഖത്തര്‍ ദേശീയ മ്യൂസിയം ഡയറക്ടര്‍ ശൈഖ് അബ്ദുല്‍അസീസ് അല്‍ താനി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
ഖത്തര്‍ നാഷണല്‍ മ്യൂസിയം 50-ാം വാര്‍ഷികാഘോഷങ്ങള്‍ 2ദോഹ കടലിടുക്കിലൂടെ ചരിത്രപ്രധാനമായ ‘ഫത്ഹ് അല്‍ ഖൈര്‍’ പരമ്പരാഗത ദൗ വിന്റെ പ്രതീകാത്മക യാത്രയോടെയാണ് ആരംഭിച്ചത്. മ്യൂസിയത്തിന്റെ ലോഗോ അച്ചടിച്ച പായലുമായി ദോഹ കോര്‍ണിഷ് വഴി സഞ്ചരിച്ച ഈ കപ്പല്‍ ഖത്തറിന്റെ പൈതൃകം, തുടര്‍ച്ച, പുനരുജ്ജീവനം എന്നിവയുടെ കഥ അവതരിപ്പിച്ചു. പ്രശസ്ത ഖത്തറി ഗായകന്‍ മുന്‍സൂര്‍ അല്‍ മുഹന്നദി, ദേശീയ കലാകാരന്മാര്‍, സാംസ്‌കാരിക സംഘങ്ങള്‍ തുടങ്ങിയവരുടെ കടല്‍മേഖലാ സംഗീത- നൃത്ത പരിപാടികളും ചടങ്ങിന്റെ ആകര്‍ഷണമായിരുന്നു. ഖത്തറിന്റെ സമ്പന്നമായ പൈതൃകത്തില്‍ അഭിമാനം പ്രകടിപ്പിക്കുകയും പഴയതും പുതുതുമായ തലമുറകളെ ബന്ധിപ്പിക്കുന്ന പാലമായി മ്യൂസിയത്തിന്റെ പങ്ക് വീണ്ടും ഉറപ്പുവരുത്തുകയും ചെയ്തു.

