

ദോഹ: ബാര്‍ബിക്യു ചുടുന്നതും തീ ഉപയോഗിച്ച് മറ്റെന്തെങ്കിലും പ്രവര്‍ത്തനം നടത്തുന്നതും അല്‍ വക്‌റ ബീച്ചില്‍ നിരോധിച്ചതായി അറബിക് പത്രം റിപ്പോര്‍ട്ട് ചെയ്തു. ബീച്ചിന്റെ പ്രവേശന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷിഷ ഉള്‍പ്പെടെ തീ ഉപയോഗിച്ചുള്ള യാതൊന്നും അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്കിയതായി അല്‍ റായ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൂട് കുറയുകയും തണുപ്പ് കാലാവസ്ഥയിലേക്ക് പോയിത്തുടങ്ങുകയും ചെയ്തതോടെ പൊതുബീച്ചുകളിലും ഫാമിലി ബീച്ചുകളിലും സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. നിരവധി യുവാക്കളും കുടുംബങ്ങളും നീന്താനും കനലില്‍ ചുട്ട ഭക്ഷണ പദാര്‍ഥങ്ങള്‍ക്കുമായി ബീച്ചുകളിലെത്തുന്നുണ്ട്.
രാജ്യത്തെ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്നവയിലൊന്നാണ് മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ച അല്‍ വക്‌റ പബ്ലിക്ക് ബീച്ച്. വലിയ വിസ്തീര്‍ണമുള്ളതിനാല്‍ ഖത്തറിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ളവര്‍ ഇവിടേക്ക് പതിവായി എത്തുന്നുണ്ട്. മാത്രമല്ല പൊതുപാര്‍ക്കിംഗ്, ശൗചാലയങ്ങള്‍ തുടങ്ങി പ്രധാന സേവനങ്ങളുടെ മികച്ച ലഭ്യതയും ഇവിടേക്ക് ആളുകളെ കൂടുതലായി ആകര്‍ഷിക്കുന്നുണ്ട്.
അല്‍ വക്‌റ ബീച്ചിലെ 12 ടോയ്‌ലെറ്റ് കെട്ടിടങ്ങളിലായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി 60 ശുചിമുറികള്‍, 36 ഷവര്‍ റൂമുകള്‍, വസ്ത്രം മാറാനുള്ള മുറികള്‍, ഏഴ് സര്‍വീസ് കെട്ടിടങ്ങള്‍ എന്നിവയെല്ലാമുണ്ട്. മൂന്ന് കിലോമീറ്ററോളം നീളമുള്ള ബീച്ചില്‍ അറുനൂറോളം പാര്‍ക്കിംഗ് സൗകര്യവും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും മരങ്ങളുമുള്ളതും സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നുണ്ട്.

