

കൊച്ചി: കേരള ഹൈക്കോടതി മുന്‍ ഡയറക്ടര്‍ ഓഫ് പബ്ലിക്ക് പ്രോസിക്യൂഷനും സ്‌റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറുമായിരുന്ന എം എം മാത്യുവിന്റെ ഫോട്ടോ ബാര്‍ അസോസിയേഷന്‍ ഹാളില്‍ അനാച്ഛാദനം ചെയ്തു. കേരള ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമന്‍ ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു.

കേരള ഹൈക്കോടതി മുന്‍ ജഡ്ജ് ബാബു മാത്യു പി ജോസഫ് എം എം മാത്യു അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.

അഭിഭാഷകന്‍ എന്നതിനു പുറമേ പത്രപ്രവര്‍ത്തകനും തൊഴിലാളി യൂണിയന്‍ നേതാവുമായിരുന്നു എം എം മാത്യുവെന്ന് അദ്ദേഹത്തിന്റെ അനന്തരവന്‍ കൂടിയായ മുന്‍ ജഡ്ജ് ബാബു മാത്യു പി ജോസഫ് അനുസ്മരിച്ചു. മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് 1967ലെ സപ്തകക്ഷി മുന്നണി മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിനെ എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ച് നടത്തിയ അഭിമുഖത്തില്‍ കേന്ദ്രം കേരളത്തെ അവഗണിക്കുന്നില്ലെന്ന എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട് നല്കിയ കാര്യവും അദ്ദേഹം അനുസ്മരിച്ചു. എറണാകുളം പെട്ടിക്കട ഓണേഴ്‌സ് അസോസിയേഷന്‍, കൊച്ചിന്‍ സിറ്റി ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ എന്നിവയുടെ നേതൃത്വവും എം എം മാത്യു വഹിച്ചിരുന്നതായും അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു.
ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. അനില്‍ എസ് രാജ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ്, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അഡ്വ. ടി എ ഷാജി, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ ഗ്രേഷ്യസ് കുര്യാക്കോസ്, കാപ്പ അംഗം അഡ്വ. സെയ്ദ് മുഹമ്മദ്, അഡ്വ. എം എം മാത്യുവിന്റെ മകനും ഡി എല്‍ എ പൈപര്‍ യു കെ പാര്‍ട്ണറുമായ അഡ്വ. ജോയ്‌വിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

