
കൊച്ചി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരിലുള്ള ഓരോ മാറ്റവും കുട്ടികള്‍ക്ക് ഗുണകരമാണോയെന്ന് പരിശോധിച്ചശേഷം മാത്രമേ നടപ്പാക്കാവൂവെന്ന് വിദ്യാഭ്യാസ വിദഗ്ധനും ഗണിത ശാസ്ത്രജ്ഞനുമായ എ ടി ബോസ് പറഞ്ഞു. അണ്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ സമകാലിക വിഷയങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് സംഘടിപ്പിച്ച ‘ശിക്ഷാ സംവാദ് 2026’ ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യാതൊരു വിശകലനവും കൂടാതെ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതിന് പകരം പ്രിന്‍സിപ്പല്‍മാരും അധ്യാപകരും മാറ്റങ്ങളുടെ ആവശ്യകത വിലയിരുത്തി അധികൃതര്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുകുല സമ്പ്രദായത്തില്‍ നിന്ന് ബ്രിട്ടീഷ് വിദ്യാഭ്യാസ രീതിയിലേക്കുള്ള മാറ്റം വിദ്യാഭ്യാസത്തിന്റെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടാക്കി. ഗുരുകുലത്തില്‍ കുട്ടികളുടെ മനസ്സ് വിശാലമായ അന്തരീക്ഷത്തിലേക്ക് തുറന്നിരുന്നെങ്കില്‍ ബ്രിട്ടീഷ് മാതൃക വിദ്യാഭ്യാസത്തെ നാലു ചുവരുകള്‍ക്കുള്ളിലാക്കി. കാലക്രമേണ വിദ്യാഭ്യാസം കൂടുതല്‍ ചെലവേറിയതായെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം എന്നത് ഒരു നയം മാത്രമാണെന്നും പാര്‍ലമെന്റ് പാസാക്കിയ നിയമമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നയത്തിന്റെ പേരില്‍ നടപ്പാക്കുന്ന പരീക്ഷാ, പരിശീലന പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടെയുള്ള ഓരോ നടപടിയും കുട്ടിയുടെ പ്രായത്തിനും ആവശ്യങ്ങള്‍ക്കും അനുയോജ്യമാണോയെന്ന് പരിശോധിക്കണം.

ഒമ്പത്, പത്ത് ക്ലാസുകളില്‍ മൂന്നാമത്തെ ഭാഷയ്ക്ക് അമിത പ്രാധാന്യം നല്‍കുന്നതിന് പകരം ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ചരിത്രം, ഭൂമിശാസ്ത്രം, പൗരശാസ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് മതിയായ പരിചയം നല്‍കണം. ജെ ഇ ഇ പോലുള്ള പ്രവേശന പരീക്ഷകളിലെ കടുത്ത മത്സരം ഓര്‍മശക്തിക്ക് മാത്രം പ്രാധാന്യം നല്‍കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും സര്‍ഗാത്മകതയും മറ്റ് കഴിവുകളും വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ വിദ്യാഭ്യാസ പാരമ്പര്യത്തിലെ ഗണിതരീതികള്‍ ഉള്‍പ്പെടെയുള്ള തദ്ദേശീയ അറിവുകള്‍ പാഠ്യപദ്ധതിയില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊളോണിയല്‍ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമായി ഇന്ത്യന്‍ സംഭാവനകള്‍ക്ക് പാഠപുസ്തകങ്ങളില്‍ മതിയായ ഇടം ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുട്ടിയുടെ താല്‍പര്യവും പ്രായവും മുന്‍നിര്‍ത്തിയാണ് വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടത്. ആവശ്യമില്ലാത്ത മാറ്റങ്ങള്‍ക്കെതിരെ പ്രിന്‍സിപ്പല്‍മാരും അധ്യാപകരും ഏകകണ്ഠമായ നിലപാട് സ്വീകരിച്ച് ബന്ധപ്പെട്ട അധികാരികളെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അണ്‍ എയ്ഡഡ് സ്‌കൂള്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ഫാ. ജയിംസ് മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ഡോ. ജഗ്ജീത് സിംഗ് ദൂരി, സൗരവ് കപൂര്‍, ശശികുമാര്‍ ബാംഗ്ലൂര്‍, പി എസ് രാമചന്ദ്രന്‍ പിള്ള, സറോഷ് അബ്രഹാം, ജേക്കബ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന സമ്മേളനം നാളെ രാവിലെ 10 മണിക്ക് കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അണ്‍ എയ്ഡഡ് സ്‌കൂള്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ കേരളയുടെ ആഭിമുഖ്യത്തില്‍ അമൃത വിശ്വവിദ്യാപീഠവുമായി ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
കേരളത്തിനു പുറമെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അണ്‍ എയ്ഡഡ് സ്‌കൂള്‍ സംഘടനാ നേതാക്കള്‍, മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

