
ന്യൂയോര്‍ക്ക്: ഖത്തറിലെ നിക്ഷേപ സാധ്യതകള്‍ ആഗോള നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് ഖത്തര്‍ ഫ്രീ സോണ്‍സ് അതോറിറ്റി (ക്യു എഫ് ഇസെഡ്). ബ്ലൂംബെര്‍ഗ് പിന്തുണയോടെ സംഘടിപ്പിച്ച ഖത്തര്‍ ഇക്കണോമിക് ഫോറം 2026: യു എന്‍ ജി എ സ്‌പെഷല്‍ എഡിഷനില്‍ ക്യു എഫ് ഇസെഡ് പങ്കെടുത്തു.

ഖത്തറിന്റെ നിക്ഷേപ മേഖലയുടെ പ്രധാന പങ്കാളികളായ ഇന്‍വെസ്റ്റ് ഖത്തര്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ എന്നിവയുമായി സഹകരിച്ച് പ്രത്യേക ബിസിനസ് ലോഞ്ചും ക്യു എഫ് ഇസെഡ് സംഘടിപ്പിച്ചു. ആഗോള ബിസിനസ് പ്രമുഖരുമായും നിക്ഷേപകരുമായും ആശയവിനിമയം നടത്താനും ഖത്തറിന്റെ സമഗ്ര നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്താനും ഫ്രീ സോണുകളില്‍ പ്രവര്‍ത്തനം ആരംഭിക്കാനും വിപുലീകരിക്കാനും ആഗ്രഹിക്കുന്ന കമ്പനികള്‍ക്കുള്ള അവസരങ്ങള്‍ വിശദീകരിക്കാനും ബിസിനസ് ലോഞ്ച് വേദിയായി.

ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ ഉന്നതതല വാരത്തിന് മുന്നോടിയായി ന്യൂയോര്‍ക്കില്‍ നടന്ന ഫോറത്തില്‍ ക്യു എഫ് ഇസെഡ് പിന്തുണാ സ്‌പോണ്‍സറായാണ് പങ്കെടുത്തത്. ഖത്തര്‍ ഫ്രീ സോണ്‍സ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഫൈസല്‍ അല്‍താനിയുടെ നേതൃത്വത്തിലായിരുന്നു ക്യു എഫ് ഇസെഡ് പ്രതിനിധിസംഘം.
ഖത്തറിലെ ഫ്രീ സോണുകളില്‍ പ്രത്യേക ഉത്പാദന, സേവന ശേഷികള്‍ പ്രാദേശികമായി വികസിപ്പിക്കുന്നതിനുള്ള നിരവധി തന്ത്രപ്രധാന കരാറുകളും ക്യു എഫ് ഇസെഡിന്റെ ഫോറം പങ്കാളിത്തത്തിന്റെ ഭാഗമായി ഒപ്പുവച്ചു. ഊര്‍ജം, വ്യവസായം, അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന കരാറുകള്‍ ഖത്തര്‍ ദേശീയ ദര്‍ശനം 2030, മൂന്നാം ദേശീയ വികസന തന്ത്രം എന്നിവയുടെ ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണ്.
ഉയര്‍ന്ന മൂല്യവര്‍ധിത വ്യവസായ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുക, പ്രാദേശിക ശേഷികള്‍ ശക്തിപ്പെടുത്തുക, അതിര്‍ത്തി കടന്നുള്ള സഹകരണം, നവീകരണം, അറിവ് കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കരാറുകളുടെ ലക്ഷ്യം. ഇതിലൂടെ ഖത്തറില്‍ കൂടുതല്‍ മത്സരക്ഷമവും ആഗോളതലത്തില്‍ ബന്ധിപ്പിക്കപ്പെട്ടതുമായ വ്യാവസായിക ആവാസവ്യവസ്ഥ വികസിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
ആഗോള നിക്ഷേപകരുമായും വ്യവസായ പ്രമുഖരുമായും തുടര്‍ച്ചയായ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതാണ് ഫോറത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്യു എഫ് ഇസെഡ് വ്യക്തമാക്കി. നിക്ഷേപം, വ്യാവസായിക വികസനം, അന്താരാഷ്ട്ര ബിസിനസ് വളര്‍ച്ച എന്നിവയുടെ പ്രധാന ചാലകശക്തിയായി ഖത്തറിലെ ഫ്രീ സോണുകള്‍ വഹിക്കുന്ന പങ്കും ഫോറത്തിലെ പങ്കാളിത്തത്തിലൂടെ എടുത്തുകാട്ടി.

