
തിരുവനന്തപുരം: ജനുവരി 21 മുതല്‍ 24 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഓസ്ട്രേലിയ അതിഥിരാജ്യം. പ്രഖ്യാപനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. ഗതാഗതമന്ത്രി സി പി ജോണ്‍, ഓസ്ട്രേലിയന്‍ കോണ്‍സല്‍ ജനറല്‍ സിലൈ സാക്കി, വൈസ് കോണ്‍സല്‍ കത്രീന നാപ്പ്, കെല്‍എഫ് ചീഫ് ഫെസിലിറ്റേറ്റര്‍ രവി ഡി സി, കോ-ഫെസിലിറ്റേറ്റര്‍ ഗോവിന്ദ് ഡി സി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിച്ചത്.

2016ല്‍ ആരംഭിച്ച കെ എല്‍ എഫ് ഇന്ന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ സാഹിത്യോത്സവമാണ്. കോഴിക്കോടിന് യുനെസ്‌കോയുടെ സാഹിത്യനഗരം പദവി ലഭിക്കുന്നതിന് കൈ എല്‍ എഫ് മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. അതിഥിരാജ്യമായ ഓസ്ട്രേലിയയുടെ പങ്കാളിത്തത്തില്‍ എഴുത്തുകാര്‍, ചിന്തകര്‍, അക്കാദമിക് വിദഗ്ധര്‍, മാധ്യമ പ്രവര്‍ത്തകര്‍, കലാകാരന്മാര്‍ എന്നിവരടങ്ങുന്ന വൈവിധ്യമാര്‍ന്ന പ്രതിനിധി സംഘത്തോടൊപ്പം സാംസ്‌കാരിക പരിപാടികളും പ്രമുഖ ഓസ്ട്രേലിയന്‍ സര്‍വകലാശാകളുടെ പങ്കാളിത്തവും ഉണ്ടായിരിക്കും. കെ എല്‍ എഫ് വേദിയിലൊരുക്കുന്ന ഓസ്ട്രേലിയന്‍ പവലിയന്‍ പ്രധാന ആകര്‍ഷണമായിരിക്കും.

ഓസ്ട്രേലിയ- ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ ദേശീയ പ്ലാറ്റ്ഫോമായ സെന്റര്‍ ഫോര്‍ ഓസ്ട്രേലിയ- ഇന്ത്യ റിലേഷന്‍സിന്റെ (സി എ ഐ ആര്‍) പിന്തുണയോടെയാണ് ഓസ്ട്രേലിയയുടെ ഈ പങ്കാളിത്തം. സി എ ഐ ആറിന്റെ പിന്തുണയോടെ ഓസ്ട്രേലിയയില്‍നിന്നുള്ള എഴുത്തുകാര്‍, പ്രഭാഷകര്‍, കലാകാരന്മാര്‍ എന്നിവരുടെ വൈവിധ്യമാര്‍ന്ന സംഘം ഇവിടെയെത്തും. ഓസ്ട്രേലിയയുടെ സാന്നിധ്യം ഫെസ്റ്റിവെലിനെ സമ്പന്നമാക്കുമെന്ന് ചീഫ് ഫെസിലിറ്റേറ്റര്‍ രവി ഡി സി പറഞ്ഞു. കെ എല്‍ എഫ് പത്താം പതിപ്പിന്റെ അതിഥിരാജ്യമായി എത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ സിലൈ സാക്കി പറഞ്ഞു.
