
ദോഹ: അറബ് കൈയെഴുത്തുപ്രതി പൈതൃകം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഖത്തര്‍ നാഷണല്‍ ലൈബ്രറിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറബിക് മാനുസ്ക്രിപ്റ്റ്സിന്റെ ആദരം. അറബ് ലീഗ് എജ്യുക്കേഷണല്‍, കള്‍ച്ചറല്‍ ആന്‍ഡ് സയന്റിഫിക് ഓര്‍ഗനൈസേഷന്റെ അനുബന്ധ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറബിക് മാനുസ്ക്രിപ്റ്റ്സാണ് പുരസ്കാരം നല്‍കിയത്.

14-ാമത് അറബിക് മാനുസ്ക്രിപ്റ്റ് ദിനാചരണത്തിന്റെ ഭാഗമായി തുണീഷ്യയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ‘അറബി കൈയെഴുത്തുപ്രതി: പരിവര്‍ത്തനത്തിന്റെയും നവീകരണത്തിന്റെയും യാത്ര’ എന്നതായിരുന്നു ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ പ്രമേയം.

ഖത്തര്‍ നാഷണല്‍ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടാന്‍ ഹൂയിസവും നാഷണല്‍ കളക്ഷന്‍ ആന്‍ഡ് സ്പെഷ്യല്‍ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ അബീര്‍ അല്‍ കുവാരിയും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് ഇരു സ്ഥാപനങ്ങളും ധാരണാപത്രത്തിലും ഒപ്പുവച്ചു. സഹകരണം ശക്തിപ്പെടുത്തുക, വൈദഗ്ധ്യം പരസ്പരം കൈമാറുക, അറബ് രേഖാ- കൈയെഴുത്തുപ്രതി പൈതൃക സംരക്ഷണം കൂടുതല്‍ ശക്തമാക്കുക എന്നിവയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം.
‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറബിക് മാനുസ്ക്രിപ്റ്റ്സില്‍ നിന്ന് ലഭിച്ച ഈ അംഗീകാരം ഏറെ അഭിമാനകരമാണ്. കൈയെഴുത്തുപ്രതികള്‍ അവയില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ പേരില്‍ മാത്രമല്ല, ചരിത്രപരമായ വസ്തുക്കള്‍ എന്ന നിലയിലും ഏറെ പ്രധാനപ്പെട്ടതാണ്,’ ടാന്‍ ഹൂയിസം പറഞ്ഞു.
അറബി കൈയെഴുത്തുപ്രതികളുടെ സംരക്ഷണം അറബ്, ഇസ്ലാമിക ലോകങ്ങളുടെ കൂട്ടായ ഓര്‍മയും ലോകത്തിന്റെ പൊതുവായ ബൗദ്ധിക പൈതൃകത്തിന് അവ നല്കിയ സംഭാവനകളും സംരക്ഷിക്കുന്നതാണെന്നും അവര്‍ വ്യക്തമാക്കി. സഹസ്ഥാപനങ്ങളുമായി സഹകരിച്ച് ഈ ശേഖരങ്ങളുടെ ലഭ്യതയും പൊതുജന പങ്കാളിത്തവും വര്‍ധിപ്പിക്കുന്നതിനുള്ള ലൈബ്രറിയുടെ തുടര്‍ച്ചയായ പ്രതിബദ്ധതയാണ് പുരസ്കാരം പ്രതിഫലിപ്പിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൈയെഴുത്തുപ്രതി പൈതൃക സംരക്ഷണത്തിന് ഖത്തര്‍ നാഷണല്‍ ലൈബ്രറി സ്വീകരിക്കുന്നത് സമഗ്രമായ സമീപനമാണെന്ന് അബീര്‍ അല്‍ കുവാരി പറഞ്ഞു. ധാര്‍മികമായ ശേഖരണവും ഏറ്റെടുക്കലും മുതല്‍ സംരക്ഷണം, കാറ്റലോഗിംഗ്, ഡിജിറ്റൈസേഷന്, പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കല്‍ വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ സംവിധാനം.
അറബ് മേഖലയുടെയും മിഡില്‍ ഈസ്റ്റിന്റെയും ഔദ്യോഗിക റീജിയണല്‍ പ്രിസര്‍വേഷന്‍ ആന്‍ഡ് കണ്‍സര്‍വേഷന്‍ സെന്റര്‍ എന്ന നിലയില്‍, പൈതൃക സംരക്ഷണത്തിനായി പ്രത്യേക പരിശീലനവും സാങ്കേതിക സഹായവും നല്കി പ്രാദേശികവും മേഖലാതലത്തിലുള്ളതുമായ ശേഷി വികസിപ്പിക്കുന്നുണ്ടെന്നും അല്‍ കുവാരി പറഞ്ഞു. ഡിജിറ്റല്‍ സംരക്ഷണ പദ്ധതികളിലൂടെ വിലമതിക്കാനാകാത്ത സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ആഗോളതലത്തില്‍ ഗവേഷണത്തിനായി ഇവയുടെ ദൃശ്യതയും ലഭ്യതയും വര്‍ധിപ്പിക്കുന്നതായും അവര്‍ വ്യക്തമാക്കി.
കൈയെഴുത്തുപ്രതികളുടെയും പുരാവസ്തുക്കളുടെയും അനധികൃത കടത്ത് തടയുന്നതിനുള്ള പ്രാദേശിക ശ്രമങ്ങള്‍ക്കും ഖത്തര്‍ നാഷണല്‍ ലൈബ്രറി പിന്തുണ നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹിമായ പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങള്‍ ലൈബ്രറി നടപ്പാക്കുന്നു.
സാംസ്കാരിക പൈതൃകത്തിന്റെ അനധികൃത കടത്ത് തടയുന്നതിനായി സംഘടിപ്പിച്ച ദോഹ കോണ്‍ഫറന്‍സ് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പരിപാടികള്‍ ലൈബ്രറി സംഘടിപ്പിച്ചിട്ടുണ്ട്. വിദേശ എംബസികളുമായും യുനെസ്കോ, ഇസ്ലാമിക് വേള്‍ഡ് എജ്യുക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
നിയമപരമായ ചട്ടക്കൂടുകള്‍ ശക്തിപ്പെടുത്തുക, സ്ഥാപനങ്ങളുടെ ശേഷി വര്‍ധിപ്പിക്കുക, പ്രാദേശിക തലത്തിലുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നിവയിലൂടെ മിഡില്‍ ഈസ്റ്റിന്റെയും വിശാലമായ അറബ് ലോകത്തിന്റെയും സാംസ്കാരിക ഓര്‍മയെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുകയാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം.
കൈയെഴുത്തുപ്രതികളുടെ സംരക്ഷണത്തിനായി പുതിയ ശാസ്ത്രീയ രീതികള്‍ വികസിപ്പിക്കുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ഖത്തര്‍ റിസര്‍ച്ച്, ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ കൗണ്‍സിലുമായി സഹകരിച്ചും ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യകാല ഖുര്‍ആന്‍ കൈയെഴുത്തുപ്രതികളില്‍ ഉപയോഗിച്ച മഷിയുടെയും വര്‍ണകങ്ങളുടെയും ശാസ്ത്രീയ വിശകലനത്തിനാണ് ഈ സഹകരണം പ്രധാനമായും പിന്തുണ നല്‍കുന്നത്.
പൈതൃകവുമായി ബന്ധപ്പെട്ട അറിവ് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഗവേഷകരും സ്ഥാപനങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനുമായി ലൈബ്രറി വിവിധ സിമ്പോസിയങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചുവരുന്നു. ഫാത്തിഹ് സുല്‍ത്താന്‍ മെഹ്മത് വഖഫ് സര്‍വകലാശാലയുമായി സഹകരിച്ചുള്ള പ്രഭാഷണ പരമ്പര, ഖുര്‍ആന്‍ കൈയെഴുത്തുപ്രതികളെ കേന്ദ്രീകരിച്ചുള്ള പ്രത്യേക പരിപാടികള്‍, മൊറോക്കന്‍ ഗ്രന്ഥനിര്മാണത്തെക്കുറിച്ചുള്ള സിമ്പോസിയം എന്നിവ ഇതില്‍പ്പെടുന്നു.
രേഖാ പൈതൃകം സംരക്ഷിക്കുന്നതിനും അതിലെ അറിവും ചരിത്രകഥകളും ഭാവിതലമുറകളിലേക്ക് കൈമാറുന്നതിനുമുള്ള ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ ദീര്‍ഘകാല പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.

