
മനാമ: കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി കല്പറ്റ നാരായണന് മാസ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ കെ പി സി സിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ബഹ്റൈന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ അഭിനന്ദന യോഗം സംഘടിപ്പിച്ചു.

ഒ ഐ സി സി സഗയ്യ ഓഫീസില്‍ നടന്ന യോഗത്തില്‍ പ്രിയദര്‍ശിനി ബഹ്റൈന്‍ ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ സയ്യിദ് എം എസ് അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗണ്‍സില്‍ അംഗം ജീസണ്‍ ജോര്‍ജ് സ്വാഗതം ആശംസിച്ചു. കൗണ്‍സില്‍ അംഗങ്ങളായ സല്മാന് ഫാരിസ്, നൈസാം പി എ, പത്തനംതിട്ട ജില്ല കണ്‍വീനര്‍ ബിബിന്‍ മാടത്തേത്, കൊല്ലം ജില്ല കണ്‍വീനര്‍ മനോജ് ചണ്ണപേട്ട, വയനാട് ജില്ല കണ്‍വീനര്‍ ആന്‍സണ്‍ പി ഐസക് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൗണ്‍സില്‍ അംഗം പ്രദീപ് മേപ്പയൂര്‍ നന്ദി രേഖപ്പെടുത്തി.

മലയാള സാഹിത്യരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനും സാംസ്കാരിക പ്രവര്‍ത്തകനുമാണ് കല്പറ്റ നാരായണന് മാസ്റ്റര്‍. ലളിതമായ ഭാഷയിലൂടെ ഗൗരവമേറിയ ആശയങ്ങള്‍ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ വായനക്കാരില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാഹിത്യരംഗത്തോടൊപ്പം അധ്യാപനം, സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലും അദ്ദേഹം നല്കിയ സംഭാവനകള്‍ ശ്രദ്ധേയമാണ്.
മലയാള ഭാഷയോടും സാഹിത്യത്തോടുമുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധവും വിശാലമായ വായനയും അനുഭവസമ്പത്തും കേരള സാഹിത്യ അക്കാദമിയുടെ പുതിയ നേതൃത്വത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മലയാള സാഹിത്യത്തിനും ഭാഷയ്ക്കും കൂടുതല്‍ ഉണര്‍വും പുതിയ ദിശാബോധവും കൈവരിക്കട്ടെയെന്നും യോഗം ആശംസിച്ചു.
കേരളത്തിലെ വിവിധ സാംസ്കാരിക സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ മറ്റ് സാരഥികളെയും യോഗം അഭിനന്ദിച്ചു.

