ഐ സി ബി എഫ് തുടര്‍ച്ചയായ നാലാമത് രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
4 Min Read

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ തുടര്‍ച്ചയായ നാലാമത് രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു.

city exchange

തുടര്‍ച്ചയായി നാല് മാസങ്ങളിലായി സംഘടിപ്പിച്ച പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പുകളുടെ പരമ്പരയിലെ ഏറ്റവും വലിയ ക്യാമ്പായിരുന്നു നാലാമത്തേത്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായി 105-ലധികം സന്നദ്ധ പ്രവര്‍ത്തകര്‍ പ്ലേറ്റ്ലെറ്റ് ദാനത്തിനായി മുന്നോട്ടുവന്നു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സേവന മനോഭാവത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും മാനവിക പ്രതിബദ്ധതയുടെയും ശക്തമായ പ്രതിഫലനമായിരുന്നു ഈ മികച്ച പങ്കാളിത്തം.

പ്ലേറ്റ്ലെറ്റ് ദാനത്തിന്റെ നിര്‍ണായക പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുകയും കൂടുതല്‍ ആളുകളെ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഐ സി ബി എഫ് ക്യാമ്പ് സംഘടിപ്പിച്ചത്.

കാന്‍സര്‍ ചികിത്സ, അവയവമാറ്റ ശസ്ത്രക്രിയ, പ്രധാന ശസ്ത്രക്രിയകള്‍, രക്തസംബന്ധമായ രോഗങ്ങള്‍, അപകടങ്ങളെത്തുടര്‍ന്നുള്ള ഗുരുതര പരിക്കുകള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് പ്ലേറ്റ്ലെറ്റുകള്‍ അത്യന്താപേക്ഷിതമാണ്.

- Advertisement -
Ad image

പ്ലേറ്റ്ലെറ്റുകള്‍് വളരെ കുറഞ്ഞ കാലയളവില്‍ മാത്രമേ സംഭരിച്ച് ഉപയോഗിക്കാന്‍ കഴിയൂ എന്നതിനാല്‍, ആവശ്യമായ അളവില്‍ പ്ലേറ്റ്ലെറ്റുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിന് സന്നദ്ധ ദാതാക്കളുടെ തുടര്‍ച്ചയായ പിന്തുണ അനിവാര്യമാണ്.

ജീവന്‍ രക്ഷിക്കുന്നതില്‍ സന്നദ്ധ ദാതാക്കള്‍ വഹിക്കുന്ന അമൂല്യമായ പങ്കും ഖത്തറിന്റെ ആരോഗ്യപരിപാലന സംവിധാനത്തിന് അവര്‍ നല്‍കുന്ന പിന്തുണയും ക്യാമ്പിലൂടെ ഐ സി ബി എഫ് പ്രത്യേകം എടുത്തുകാട്ടി.

ചടങ്ങിലെ ഔദ്യോഗിക പരിപാടികള്‍ക്ക് ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി നേതൃത്വം നല്‍കി. ഐ സി ബി എഫ് നടപ്പാക്കിവരുന്ന വിവിധ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പ്ലേറ്റ്ലെറ്റ് ദാനത്തിന്റെ പ്രാധാന്യവും ഐ സി ബി എഫിന്റെ വിപുലമായ സാമൂഹിക ഇടപെടലുകളുടെയും മാനവിക പ്രവര്‍ത്തനങ്ങളുടെയും അവിഭാജ്യ ഘടകമാണ് ഈ ക്യാമ്പുകളെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷ പ്രസംഗത്തില്‍ പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് ആരംഭിച്ചതിന്റെ പശ്ചാത്തലവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ചു. ക്യാമ്പില്‍ ആവേശപൂര്‍വം പങ്കെടുത്ത സന്നദ്ധ ദാതാക്കളെ അദ്ദേഹം അഭിനന്ദിച്ചു. ജീവന്‍ രക്ഷിക്കുന്ന ഇത്തരം മാനവിക പ്രവര്‍ത്തനങ്ങളുടെ വിജയം ഉറപ്പാക്കുന്നതിന് സമൂഹത്തിന്റെ തുടര്‍ച്ചയായ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിലെ മുഖ്യാതിഥി ഇന്ത്യന്‍ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തന്‍ഡാലെ ഐ സി ബി എഫ് സംഘടിപ്പിച്ച ഈ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു. ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ ഒരുക്കിയിട്ടുള്ള മികച്ച സൗകര്യങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ഇന്ത്യന്‍ സമൂഹത്തിന് ഇത്തരം അവസരം ഒരുക്കിയ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മാനേജ്‌മെന്റിനോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

വിശിഷ്ടാതിഥിയും ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ മേധാവിയുമായ ഡോ. സലൂവ എം ഹ്മിസി രക്തദാന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സമൂഹം തുടര്‍ച്ചയായി നല്‍കിവരുന്ന പിന്തുണയ്ക്കും സജീവ പങ്കാളിത്തത്തിനും നന്ദി അറിയിച്ചു. രക്ത ശേഖരണത്തിലും പ്ലേറ്റ്ലെറ്റ് ദാനത്തിലും കേന്ദ്രം പിന്തുടരുന്ന കര്‍ശനമായ ഗുണനിലവാര- സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും കേന്ദ്രത്തില്‍ ലഭ്യമായ വിവിധ സൗകര്യങ്ങളെക്കുറിച്ചും അവര്‍ വിശദീകരിച്ചു. ഡോ. സലൂവ എം ഹ്മിസിയും ഖത്തര്‍ ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ ഓപ്പറേഷന്‍സ് ഇന്‍-ചാര്‍ജ് മനാല്‍ ഇസ്മായില്‍ അല്‍ അഹമ്മദും ചേര്‍ന്ന് ഐ സി ബി എഫിന് അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കി.

തുടര്‍ച്ചയായി നാല് മാസങ്ങളിലായി പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച ആദ്യ ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടന എന്ന പ്രത്യേക അംഗീകാരവും ഐ സി ബി എഫിന് ലഭിച്ചു.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ കെ എസ് പ്രസാദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിക്കുന്നതിലും ഇന്ത്യന്‍ സമൂഹത്തെ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കുന്നതിലും ഐ സി ബി എഫ് നടത്തുന്ന ശ്രമങ്ങളെ ഇരുവരും അഭിനന്ദിച്ചു.

ഐ സി സി വൈസ് പ്രസിഡണ്ട് ശാന്തനു ദേശ്പാണ്ഡെ, ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ എസ് സി വൈസ് പ്രസിഡന്റ് സിതേന്ദു പല്‍, വിവിധ അപെക്‌സ് സംഘടനകളുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഐ സി ബി എഫുമായി സഹകരിക്കുന്ന വിവിധ കമ്മ്യൂണിറ്റി സംഘടനകളുടെ ഭാരവാഹികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, പ്രമുഖ കമ്മ്യൂണിറ്റി നേതാക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഐ സി ബി എഫ് ഹെഡ് ഓഫ് മെഡിക്കല്‍ വിംഗ് മിനി സിബി നന്ദിപ്രസംഗം നടത്തി.

ഐ സി ബി എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് പരിപാടിയുടെ ഏകോപനം നിര്‍വഹിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഇര്‍ഫാന്‍ അന്‍സാരി, മണി ഭാരതി, നീലാംബരി എസ്, അമര്‍ വീര്‍ സിംഗ്, ശങ്കര്‍ ഗൗഡ് എന്നിവര്‍ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സജീവ പിന്തുണ നല്‍കി.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ സാമൂഹിക ഉത്തരവാദിത്വമുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി പങ്കാളികളാക്കുന്നതിനും സമൂഹത്തിന് അര്‍ഥവത്തായ സംഭാവനകള്‍ നല്‍കുന്നതിനും ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും പ്രോത്സാഹിപ്പിക്കുമെന്ന് ഐ സി ബി എഫ് വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!