
നാഗോയ: ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ (ഒ സി എ) പ്രസിഡന്റ് ശൈഖ് ജുവാന്‍ ബിന്‍ ഹമദ് അല്‍ താനി ദോഹ 2030 ഏഷ്യന്‍ ഗെയിംസ് സംഘാടക സമിതി പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. നിലവില്‍ നടക്കുന്ന 20-ാമത് ഏഷ്യന്‍ ഗെയിംസിന്റെ (ഐച്ചിനാഗോയ 2026) ഭാഗമായി സംഘടിപ്പിക്കുന്ന ഒബ്‌സര്‍വര്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനായാണ് ദോഹ 2030 സംഘാടക സമിതി പ്രതിനിധികള്‍ ജപ്പാനിലെത്തിയത്.

ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ജാസിം ബിന്‍ റാഷിദ് അല്‍ ബുഐനൈന്‍, ദോഹ 2030 ഏഷ്യന്‍ ഗെയിംസ് സംഘാടക സമിതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അഹമ്മദ് അബ്ദുല്ല അല്‍ ബുഐനൈന്‍ എന്നിവരും ഒബ്‌സര്‍വര്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന മറ്റ് പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ദോഹ 2030 പ്രതിനിധി സംഘം ഒബ്‌സര്‍വര്‍ പ്രോഗ്രാമില്‍ നടത്തുന്ന പങ്കാളിത്തത്തെക്കുറിച്ച് ഒ സി എ പ്രസിഡന്റിന് വിശദീകരണം നല്‍കി. നിലവിലെ ഏഷ്യന്‍ ഗെയിംസിന്റെ സംഘാടന, പ്രവര്‍ത്തന സംവിധാനങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും പ്രായോഗിക പരിചയവും അറിവും നേടാനും ഒബ്‌സര്‍വര്‍ പ്രോഗ്രാം ദോഹ 2030 സംഘത്തിന് അവസരം നല്‍കുന്നു.
ഏഷ്യന്‍ ഗെയിംസിന്റെ വിജയകരമായ നടത്തിപ്പിന് ആവശ്യമായ വിവിധ മേഖലകളിലെ പ്രവര്‍ത്തനരീതികള്‍ അടുത്തറിയുന്നതിനും ഭാവിയില്‍ ദോഹയില്‍ നടക്കുന്ന 2030 ഏഷ്യന്‍ ഗെയിംസിന്റെ സംഘാടനത്തിന് ആവശ്യമായ അനുഭവസമ്പത്ത് നേടുന്നതിനും പരിപാടി സഹായകരമാകും.

