

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെയും (എച്ച് എം സി) പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെയും (പി എച്ച് സി സി) മെഡിക്കല്‍ ചികില്‍സാ സേവനങ്ങളുടെ ഫീസും ചാര്‍ജുകളും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഖത്തറിലേക്കുള്ള സന്ദര്‍ശകര്‍ക്ക് മാത്രമാണ് ആദ്യഘട്ടത്തില്‍ ഫീസും ചാര്‍ജുകളും നടപ്പാക്കുക.

ആരോഗ്യ പരിപാലന സേവനങ്ങള്‍ ഉയര്‍ത്തുന്നതിനും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഫീസും ചാര്‍ജുകളും നടപ്പിലാക്കുന്നത്.

സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ പൗരന്മാര്‍ക്കും ഒഴിവാക്കപ്പെട്ട മറ്റ് വിഭാഗങ്ങള്‍ക്കുമുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ബാധകമായ നിയമങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസൃതമായി സൗജന്യമായി തുടരും.
പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെയും ചികിത്സാ സേവനങ്ങളുടെ ഫീസും ചാര്‍ജുകളും രണ്ട് കോര്‍പ്പറേഷനുകളിലെയും സേവനങ്ങളുടെ വിലയെ അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഫെബ്രുവരി മുതല്‍ രാജ്യത്തെ സന്ദര്‍ശകര്‍ക്ക് ബാധകമാക്കിയിരുന്നു. അത്യാഹിതങ്ങളും അപകടങ്ങളും ഉള്‍പ്പെടെ മറ്റ് ലഭ്യമായ പാക്കേജുകള്‍ വഴി സന്ദര്‍ശകര്‍ക്ക് അധിക ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
കൂടാതെ, അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് രേഖയുള്ള സന്ദര്‍ശകര്‍ക്ക് ഖത്തറിലെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് പ്രയോജനം നേടാനുമാവും.

