

ദോഹ: കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ എല്ലാ മാസ്‌കുകളും ഒരുപോലെയല്ലെന്നും മൂന്ന് ലയറുകളുള്ള മാസ്‌ക്കുകളാണ് ഏറ്റവും മികച്ചതെന്നും ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍. കുറഞ്ഞ ലയറുകളേക്കാള്‍ കൂടുതല്‍ ലയറുകളുള്ളവയാണ് പ്രയോജനകരമെന്നും നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക്ക് ഗ്രൂപ്പ് ഓണ്‍ കോവിഡ് ചെയറും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പകര്‍ച്ചവ്യാധി വിഭാഗം തലവനുമായ അദ്ദേഹം പറഞ്ഞു.

മാസ്‌ക് കൊണ്ട് വായയും മൂക്കും കൃത്യമായി മറഞ്ഞിരിക്കണം. വായ മാത്രം മറഞ്ഞിരിക്കുന്നതായിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ശരിയായ രീതിയില്‍ വായയും മൂക്കും മറക്കുന്നത് കോവിഡ് പടരുന്നതിനെ മികച്ച രീതിയില്‍ തടയും.

എന്‍95 മാസ്‌കുകള്‍ തന്നെ ഉപയോഗിക്കുന്നതാണ് ഏറ്റവും ഗുണകരം. മുതിര്‍ന്ന പൗരന്മാരും ഗുരുതരമായ രോഗങ്ങളുളളവരും തുടര്‍ച്ചയായി മരുന്ന് ഉപയോഗിക്കുന്നവരും ഇത്തരത്തില്‍ എന്‍95 മാസ്‌ക് ഉപയോഗിക്കുന്നതിനു പുറമേ ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളില്‍ പോകുന്നവരും ജനങ്ങളുമായി അടുത്തിടപഴകുന്നവരും ഇത്തരം മാസ്‌കുകള്‍ ഉപയോഗിക്കണം. എന്‍95 മാസ്‌കുകളോ കെഎന്‍95 മാസ്‌കുകളോ ഉപയോഗിക്കാവുന്നതാണ്.

