

ദോഹ: എല്ലാവര്‍ക്കും പ്രത്യേകിച്ച് സംഘര്‍ഷങ്ങളുടെ ഇരകള്‍ക്കുള്ള വിദ്യാഭ്യാസം സംരക്ഷിക്കാനും ഉറപ്പാക്കാനും എജുക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്‍ (ഇഎഎ) ചെയര്‍പേഴ്സണ്‍ ശൈഖ മോസ ബിന്‍ത് നാസര്‍ ആഹ്വാനം ചെയ്തു. ആക്രമണത്തില്‍ നിന്ന് വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്നതിന് ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്ത് നടന്ന പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് ശൈഖ മോസ ഇക്കാര്യം പറഞ്ഞത്.

യുദ്ധമേഖലയിലായാലും അഭയാര്‍ഥികളാകാന്‍ നിര്‍ബന്ധിതരായാലും സംഘര്‍ഷത്തിന്റെ ഇരകളുടെ അവരുടെ മനുഷ്യാവകാശങ്ങള്‍ നിലനിര്‍ത്തണം. മനുഷ്യന്റെ മൗലികാവകാശമായ വിദ്യാഭ്യാസം പ്രാപ്യമാണെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. വിദ്യാലയങ്ങളും സര്‍വ്വകലാശാലകളും പഠനത്തിന്റെയും വികസനത്തിന്റെയും ഇടങ്ങളാകണം. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്ന ഇടങ്ങളായിരിക്കണം. അവ നശിപ്പിക്കപ്പെടരുതെന്നും ശൈഖ മോസ പറഞ്ഞു.

വിദ്യാഭ്യാസത്തെ സംരക്ഷിക്കാനും മുന്‍ഗണന നല്‍കാനും നമ്മുടെ കഴിവിന്റെ പരമാവധി നാം ചെയ്യണമെന്നും അവര്‍ ആഹ്വാനം ചെയ്തു.
ഉന്നതതല പരിപാടിയില്‍ യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, സിയറ ലിയോണിന്റെ പ്രസിഡന്റ് ജൂലിയസ് മാഡ വോണി ബയോ, ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ മെലിസ ഫ്െളമിംഗ്, യുണിസെഫ് ഗുഡ്വില്‍ അംബാസഡര്‍ സോഫിയ കാര്‍സണ്‍, കെനിയന്‍ അധ്യാപകനും 2019ലെ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് ജേതാവുമായ ബ്രദര്‍ പീറ്റര്‍ മൊകയ തബിച്ചി, ആകമണത്തില്‍ നിന്ന് വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുള്ള ഗ്ലോബല്‍ കോയലിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിയ നിജോവ്‌നെ എന്നിവര്‍ പങ്കെടുത്തു.

