

കാലടി: സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക പരാധീനതമൂലം സുരക്ഷിത ഭവനം പണിയുവാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന ആലുവയിലെ വിധവകളായ അമ്മമാര്‍ക്കും മക്കള്‍ക്കും ഭവനമൊരുക്കുന്നതിനായി സുമനസ്സുകളായ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സാമ്പത്തിക സഹകരണത്തോടെ അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കിയ അമ്മക്കിളിക്കൂട് കാരുണ്യ ഭവന നിര്‍മ്മാണ പദ്ധതിയില്‍ 53-ാം വീടിന്റെ തറക്കല്ലിട്ടു.

ശ്രീമൂലനഗരം 11-ാം വാര്‍ഡ് തൃക്കണിക്കാവില്‍ വാഹനാപകടത്തില്‍ മരിച്ച ബിജുവിന്റെ ഭാര്യ കവിതക്കും മൂന്നു പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് അമ്മക്കിളിക്കൂടൊരുങ്ങുന്നത്. ഖത്തര്‍ ജി ഡബ്ല്യു സി ലോജിസ്റ്റിക്‌സ് ക്യു പി എസ് സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേശ്വര്‍ ഗോവിന്ദനാണ് വീട് സ്‌പോണ്‍സര്‍ ചെയ്യുന്നത്. സ്പോണ്‍സറുടെ പിതാവ് ഗോവിന്ദ മേനോന്‍ തറക്കല്ലിടല്‍ നിര്‍വ്വഹിച്ചു.

അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി എം ഷംസുദ്ധീന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം ജെ ജോമി, കാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എന്‍ കൃഷ്ണകുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി മാര്‍ട്ടിന്‍, മെമ്പര്‍ കെ പി അനൂപ്, അഡ്വ. എ എന്‍ ഉണ്ണികൃഷ്ണന്‍, ശ്രീമൂലനഗരം മോഹന്‍, വി പി സുകുമാരന്‍, പി കെ സിറാജ്, വി വി സെബാസ്റ്റ്യന്‍, പി സി സുരേഷ് കുമാര്‍, മഞ്ജു നവാസ്, അഞ്ചു ഷൈന്‍, ലിന്റോ പി ആന്റോ, സുലൈമാന്‍ പുതുവാന്‍കുന്ന്, വാര്‍ഡ് അംഗം ഡേവിസ് കൂട്ടുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഈ പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 49 ഭവനങ്ങള്‍ കൈമാറുകയും മൂന്നു ഭവനങ്ങളുടെ നിര്‍മ്മാണം വിവിധ പഞ്ചായത്തുകളില്‍ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. രണ്ട് ബെഡ് റൂം, ഹാള്‍, കിച്ചണ്‍, ടോയ്‌ലറ്റ് എന്നിവ ഉള്‍പ്പെടുന്ന 510 ചതുരശ്ര അടിയില്‍ ഏഴു ലക്ഷം രൂപ ചെലവ് വരുന്ന ഭവനങ്ങളാണ് പദ്ധതിയില്‍ നിര്‍മ്മിച്ചു നല്കുന്നത്.
നിലവില്‍ ലഭിച്ച അപേക്ഷകര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തുവാനുള്ള ശ്രമം നടത്തി വരികയാണെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

