
ദോഹ: ഖത്തറില്‍ നിശ്ചിത മേഖലകളില്‍ ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കി. ആഭ്യന്തര മന്ത്രാലയം, ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ചാണ് അനുമതി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുള്ള മേഖലകള്‍ മെട്രാഷ് ആപ്പിലൂടെ തിരിച്ചറിയാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ദിവസത്തില്‍ രണ്ട് സമയങ്ങളിലാണ് നിശ്ചിത മേഖലകളില്‍ ഡ്രോണ്‍ പറത്താന്‍ അനുമതിയുള്ളത്. സൂര്യോദയം മുതല്‍ രാവിലെ 9 മണിവരെയും ഉച്ചയ്ക്ക് 2 മണി മുതല്‍ സൂര്യാസ്തമയം വരെയുമാണ് പ്രവര്‍ത്തനാനുമതി.
ഡ്രോണ്‍ ഉപയോക്താക്കള്‍ നിശ്ചിത മേഖലകളിലും അനുവദിച്ച സമയപരിധിക്കുള്ളിലും മാത്രമേ ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കാവൂ എന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
അനുമതിയില്ലാത്ത മേഖലകളില്‍ ഡ്രോണ്‍ പറത്തുകയോ ലൈസന്‍സില്‍ അനുവദിച്ചിട്ടുള്ളതല്ലാത്ത ആവശ്യങ്ങള്‍ക്കായി ഡ്രോണ്‍ ഉപയോഗിക്കുകയോ ചെയ്യരുത്. അധികൃതര്‍ അംഗീകരിച്ചിട്ടുള്ള എല്ലാ നിബന്ധനകളും നിര്‍ദ്ദിഷ്ട പ്രവര്‍ത്തന മേഖലകളും കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ ബാധകമായ നിയമപ്രകാരം ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

