അറിവില്‍ നിന്ന് ജ്ഞാനത്തിലേക്ക് സഞ്ചരിക്കണം: സ്വരൂപ് ബി ആര്‍

Web Desk
1 Min Read

കൊച്ചി: വിവരങ്ങളുടെ ബഹളത്തില്‍ നിന്ന് അല്‍പനേരം പിന്മാറി നിശ്ശബ്ദതയിലേക്ക് സഞ്ചരിക്കുമ്പോഴാണ് യഥാര്‍ഥ ഉള്‍ക്കാഴ്ചകളും പുതിയ ആശയങ്ങളും ലഭിക്കുന്നതെന്ന് ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റും കമ്യൂണിക്കേഷന്‍ വിദഗ്ധനുമായ സ്വരൂപ് ബി ആര്‍ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ലീഡര്‍ ഇന്‍സൈറ്റ് പരിപാടിയില്‍ ‘യഥാര്‍ഥ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ബ്രാന്‍ഡ് ഉള്‍ക്കാഴ്ചകള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഖജുരാഹോയില്‍ പുറത്തെ തിരക്കില്‍ നിന്ന് ക്ഷേത്രത്തിന്റെ അകത്തേക്ക് കടക്കുമ്പോള്‍ ശബ്ദം പതുക്കെ ഇല്ലാതാകുന്നതുപോലെ ജീവിതത്തിലും വിവരങ്ങളുടെ ബഹളത്തില്‍ നിന്ന് സ്വന്തം ചിന്തകളുടെ നിശ്ശബ്ദതയിലേക്ക് സഞ്ചരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അറിവില്‍ നിന്ന് ജ്ഞാനത്തിലേക്കും ആശയക്കുഴപ്പത്തില്‍ നിന്ന് വ്യക്തതയിലേക്കുമുള്ള യാത്രയാണ് യഥാര്‍ഥ ഉള്‍ക്കാഴ്ചകളിലേക്ക് നയിക്കുന്നത്.

സ്റ്റീല്‍ വ്യവസായത്തിനായി ഒരുക്കിയ പരസ്യപ്രചാരണത്തിന്റെ അനുഭവം പങ്കുവച്ച അദ്ദേഹം, വലിയ അളവിലുള്ള വിവരങ്ങളില്‍ നിന്ന് പിന്മാറിയപ്പോഴാണ് സാധാരണക്കാരന്റെ തലച്ചോറിനേക്കാള്‍ ഹൃദയത്തോടാണ് സംസാരിക്കേണ്ടതെന്ന ആശയം ലഭിച്ചതെന്ന് പറഞ്ഞു. നല്ല ബ്രാന്‍ഡിംഗ് പരസ്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും സ്ഥാപനത്തിന്റെ പ്രവര്‍ത്തന സംസ്‌കാരത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തിജീവിതത്തിലും ഉള്‍ക്കാഴ്ചകള്‍ പ്രയോഗിക്കണമെന്ന് സ്വരൂപ് അഭിപ്രായപ്പെട്ടു. കുടുംബത്തില്‍ കുട്ടികള്‍ക്ക് തെറ്റുകള്‍ സംഭവിച്ചാലും സഹായം തേടാന്‍ കഴിയുന്ന തുറന്ന ഇടവും നിബന്ധനകളില്ലാത്ത സ്‌നേഹവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

യാത്രയിലും ഒരിടത്ത് വെറുതെ ഇരുന്ന് ആ സ്ഥലത്തെ അനുഭവിക്കുന്നതിനുള്ള സമയം കണ്ടെത്തണം. അറിവില്‍ നിന്ന് ജ്ഞാനത്തിലേക്കും അവിടെനിന്ന് വീണ്ടും ലോകത്തിലേക്കുമുള്ള യാത്രയാണ് ജീവിതത്തിന്റെ സന്തുലിതാവസ്ഥയെന്നും സ്വരൂപ് കൂട്ടിച്ചേര്‍ത്തു.

കേരള മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍ ഡോ. അനില്‍ ജോസഫ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കോ ചെയര്‍ ഡോ. രാധ തേവന്നൂര്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!