
ദോഹ: മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) സംഘടിപ്പിക്കുന്ന മൂന്ന് മാസം നീളുന്ന രക്തദാന ക്യാമ്പയിന് തുടക്കമായി. ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് ബ്ലഡ് ഡോണര്‍ സെന്ററില്‍ നടന്ന ചടങ്ങ് ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന് കല്ലന് ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി നിരവധി പേര് പ്ലേറ്റ്ലെറ്റ് ദാനം ചെയ്തു.

ചടങ്ങില്‍ ഡോം ഖത്തര്‍ ചീഫ് അഡൈ്വസര്‍ വി സി മഷൂദ് ആശംസകള്‍ നേര്‍ന്നു. കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം ചെയര്മാന് നൗഫല്‍ കട്ടുപാറ സ്വാഗതവും ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് നന്ദിയും പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഡോം ഖത്തര്‍ എന്നും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് പ്രസിഡന്റ് ഉസ്മാന് കല്ലന് പറഞ്ഞു. കാന്‍സര്‍ ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങളുടെ ചികിത്സയിലും രക്തസ്രാവം നിയന്ത്രിക്കുന്നതിലും പ്ലേറ്റ്ലെറ്റുകള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും അതിനാല്‍ പ്ലേറ്റ്ലെറ്റ് ദാനത്തിന്റെ പ്രാധാന്യം സമൂഹം തിരിച്ചറിയണമെന്നും ബന്ധപ്പെട്ടവര്‍ അഭിപ്രായപ്പെട്ടു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പയിന് ഏറെ ഫലപ്രദമാകുമെന്ന പ്രതീക്ഷയും ഭാരവാഹികള്‍ പങ്കുവെച്ചു.
ഡിസംബര്‍ 11-ന് എച്ച് എം സിയില്‍ നടക്കുന്ന വിപുലമായ രക്തദാന ക്യാമ്പോടെ മൂന്ന് മാസം നീളുന്ന ഈ ക്യാമ്പയിന് സമാപിക്കും. ഇതിനിടയില്‍ ഖത്തറിലെ വിവിധ കേന്ദ്രങ്ങളില്‍ രക്തദാന, പ്ലേറ്റ്ലെറ്റ് ദാന പരിപാടികള്‍ സംഘടിപ്പിക്കാനും ഡോം ഖത്തര്‍ പദ്ധതിയിട്ടുണ്ടെന്ന് സീനിയര്‍ വൈസ് പ്രസിഡന്റ് സി കെ അബ്ദുല്‍ അസീസ് അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയ, തുമാമ, അല്‍കോര്‍, മിസൈദ് തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രക്തദാനത്തിലൂടെയും പ്ലേറ്റ്ലെറ്റ് ദാനത്തിലൂടെയും ജീവന് രക്ഷിക്കാനുള്ള ഈ കൂട്ടായ്മയില്‍ കൂടുതല്‍ പേര് പങ്കാളികളാകണമെന്ന് ഡോം ഖത്തര്‍ അഭ്യര്‍ഥിച്ചു. ഡോ. ഷഫീഖ് താപ്പി മമ്പാട്, സുരേഷ് ബാബു പണിക്കര്‍, നിയാസ് കൈപ്പേങ്ങല്‍, അനീസ് കെ ടി, വസീം അബ്ദുല്‍ റസാഖ്, നിസാര്‍ ചെട്ടിപ്പടി, നൗഫല്‍ എം പി, രജീഷ് ഹംസ, നിഷാദ് കള്ളിയന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

