
ദോഹ: ദീര്‍ഘകാലവും ചെലവേറിയതുമായ ചികിത്സയിലൂടെ കടന്നുപോകുന്ന അഹമ്മദ് എന്ന ബാലന് പിന്തുണയുമായി ഖത്തറിന്റെ ദേശീയ സാങ്കേതികവിദ്യാ കമ്പനിയായ റഫീഖ് രംഗത്ത്. അഹമ്മദിന്റെ ചികിത്സയ്ക്കാവശ്യമായ ഏകദേശം 1.02 കോടി ഖത്തര്‍ റിയാല്‍ സമാഹരിക്കുന്നതുവരെ തത്സമയ സംപ്രേഷണം തുടരുമെന്ന് ഖത്തറിലെ ആദ്യ സമഗ്ര ദേശീയ സൂപ്പര്‍ ആപ്പായ റഫീഖ് പ്രഖ്യാപിച്ചു.

ഒക്ടോബര്‍ 17 ശനിയാഴ്ച വൈകിട്ട് മൂന്നിന് റഫീഖിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം, ടിക്ടോക്, എക്‌സ് അക്കൗണ്ടുകളിലൂടെയാണ് പ്രത്യേക തത്സമയ സംപ്രേഷണം ആരംഭിച്ചത്. ഖത്തറിലെ പ്രമുഖ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍മാരായ അഹമ്മദ് പാറ്റോയും അലി ഷംസോയും സംപ്രേഷണത്തില്‍ സഹ അവതാരകരായി പങ്കെടുക്കുന്നു.

നിശ്ചിത സമയത്തിനുശേഷം അവസാനിക്കുന്ന സാധാരണ ധനസമാഹരണ പരിപാടികളില്‍നിന്ന് വ്യത്യസ്തമായി, ലക്ഷ്യത്തുക പൂര്‍ണമായി സമാഹരിക്കുന്നതുവരെ സംപ്രേഷണം അവസാനിപ്പിക്കില്ലെന്നാണ് റഫീഖിന്റെ പ്രഖ്യാപനം. അഹമ്മദിനൊപ്പം നില്‍ക്കാനും ചികിത്സാ സഹായത്തില്‍ പങ്കാളികളാകാനും ഖത്തറിലെ പൊതുസമൂഹത്തോട് ആഹ്വാനം ചെയ്യുന്ന വിപുലമായ ജനകീയ പ്രചാരണമായാണ് ഈ സംരംഭം ഒരുക്കിയിരിക്കുന്നത്.
അഹമ്മദിനെ ചികിത്സിക്കുന്ന ആശുപത്രി നല്‍കിയ കണക്കനുസരിച്ച് ചികിത്സയ്ക്ക് 1.02 കോടി ഖത്തര്‍ റിയാലിലധികം ചെലവ് വരും. ചികിത്സയ്ക്കാവശ്യമായ പ്രത്യേക മെഡിക്കല്‍ ഉപകരണങ്ങള്‍, ചികിത്സാ സാമഗ്രികള്‍, മരുന്നുകള്‍ എന്നിവയ്ക്കാണ് തുകയുടെ വലിയൊരു ഭാഗം വേണ്ടിവരുന്നത്.
അഹമ്മദിന്റെ ചികിത്സയ്ക്കായി സ്വന്തം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും പ്രേക്ഷകശൃംഖലയും പങ്കാളികളെയും പ്രയോജനപ്പെടുത്തുന്നതിലൂടെ ഒരു കുട്ടിക്കും കുടുംബത്തിനും നേരിട്ടുള്ള സഹായം ഉറപ്പാക്കുകയാണ് റഫീഖ് ലക്ഷ്യമിടുന്നത്.
തത്സമയ സംപ്രേഷണത്തിന്റെ സാങ്കേതിക സംവിധാനങ്ങള്‍, പ്രചാരണം, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവ റഫീഖ് ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍ എന്നിവരിലൂടെ സംപ്രേഷണം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും സംഭാവനകള്‍ സമാഹരിക്കാനും കമ്പനി ശ്രമിക്കുന്നു.
ഥാനി ഹ്യൂമാനിറ്റേറിയന്‍ ഓര്‍ഗനൈസേഷനുമായി സഹകരിച്ചാണ് സംഭാവനകള്‍ സ്വീകരിക്കുന്നത്. റഫീഖ് ആപ്പിലെ ചാരിറ്റി വിഭാഗത്തില്‍ പ്രവേശിച്ച് ഥാനി ഹുമാനിറ്റേറിയന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുകയും തുടര്‍ന്ന് അഹമ്മദിന്റെ കേസ് തെരഞ്ഞെടുക്കുകയും ചെയ്താല്‍ സംഭാവന നല്‍കാം.
ഖത്തറിലെ ഓരോ കുടുംബത്തിനും സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഖത്തറി കമ്പനിയായ റഫീഖിന്റെ അടിസ്ഥാനമൂല്യങ്ങളായ സാമൂഹിക ഐക്യദാര്‍ഢ്യവും സഹാനുഭൂതിയും പ്രതിഫലിപ്പിക്കുന്നതാണ് ഈ സംരംഭം. ഖത്തര്‍ സമൂഹത്തിന്റെ കാരുണ്യവും പരസ്പരസഹായ മനോഭാവവും കൂടുതല്‍ ശക്തിപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.

