കരിപ്പൂര്‍ വിമാനത്താവള വികസനം: കേന്ദ്ര സര്‍ക്കാറുമായി സഹകരിക്കാന്‍ തയ്യാറെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

Web Desk
2 Min Read

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനം പൂര്‍ത്തീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറുമായി ഏത് നിലയ്ക്കുള്ള സഹകരണത്തിനും സംസ്ഥാനം തയ്യാറാണെന്ന് സ്‌പോര്‍ട്‌സ്- ഫിഷറീസ്- റയില്‍വേ- എയര്‍പ്പോര്‍ട്ട് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. റണ്‍വേ വികസനത്തിനായി അടിയന്തരമായി വേണ്ട പതിനാലര ഏക്കര്‍ സ്ഥലം ആറു മാസത്തിനുള്ളില്‍ തന്നെ എത്ര തുക ചിലവായാലും ഏറ്റെടുത്ത് നല്‍കാന്‍ സംസ്ഥാനം തയ്യാറായത് ഇതിന് ഉദാഹരണമെന്ന് മന്ത്രി വ്യക്തമാക്കി. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടന്ന വികസന ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

city exchange

അനുമതി ലഭിക്കുകയായിരുന്നുവെങ്കില്‍ കെ റെയില്‍ ഈ രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ഥലമെടുപ്പ് അടക്കം പൂര്‍ത്തിയാക്കി പദ്ധതിയ്ക്ക് തുടക്കം കുറിക്കുമായിരുന്നു. എന്നാല്‍ 49 ശതമാനം ഓഹരിയുള്ള റെയില്‍വേ പോലും രാഷ്ട്രീയ കാരണങ്ങളാല്‍ പദ്ധതിയോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. ഇനിയൊരു ദേശീയ പാത വികസനം അടക്കം പ്രയാസകരമായ സംസ്ഥാനത്ത് കെ റെയില്‍ പോലുള്ള പദ്ധതിയെ പ്രായോഗികമാകുകയുള്ളൂ. എന്നാല്‍ ബുള്ളറ്റ് ട്രെയിന്‍, ഹൈ സ്പീഡ് ട്രെയിന്‍ എന്നിവ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുമ്പോള്‍ കേരളത്തെ അവഗണിക്കുകയാണ്. കേന്ദ്രം റെയില്‍വേ വികസനത്തിനടക്കം പറയുന്ന പല കാര്യങ്ങളും കേരളം സര്‍വ്വാത്മനാ ചെയ്ത് കൊടുക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് പുതുതായി രണ്ട് സ്റ്റേഡിയം കൂടി നിര്‍മ്മിക്കും. 70 കോടി രൂപയുടെ അന്തര്‍ ദേശീയ സ്റ്റേഡിയത്തിനായി രാമനാട്ടുകരയില്‍ സ്ഥലം ലഭ്യമായാലുടന്‍ പണി തുടങ്ങും ചേവായൂരിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണവും സാങ്കേതിക തടസ്സം നീങ്ങിയാല്‍ തുടങ്ങും. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് സ്ഥലത്ത് സ്‌പോര്‍ട്‌സ് സിറ്റിയ്ക്ക് ബിര്‍ള ഗ്രൂപ്പ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ പൂര്‍ണ്ണമായും പിന്താങ്ങുന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്. വികസന പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ നിക്ഷേപമാകാം എന്നാല്‍ പൊതുമേഖലയടക്കം പൂര്‍ണ്ണമായും സ്വകാര്യ മേഖലയ്ക്ക് വിട്ടു കൊടുക്കുന്നതിനാണ് എതിര്‍പ്പെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചേംബര്‍ പ്രസിഡന്റ് റാഫി പി ദേവസ്സി അധ്യക്ഷത വഹിച്ചു. മുന്‍ ചേംബര്‍ പ്രസിഡന്റുമാരായ സി ഇ ചാക്കുണ്ണി, സുബൈര്‍ കൊളക്കാടന്‍, ടി പി അഹമ്മദ് കോയ, ഐപ്പ് തോമസ്, എം മുസമ്മില്‍ പ്രസംഗിച്ചു. ഡോ. കെ മൊയ്തു സ്വാഗതവും സെക്രട്ടറി എ പി അബ്ദുല്ലക്കുട്ടി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!