അറബ് ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പിന് ദോഹയില്‍ തുടക്കം

Web Desk
2 Min Read

ദോഹ: 45-ാമത് പുരുഷ അറബ് ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പിനും 17-ാമത് വനിതാ അറബ് ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പിനും ദോഹ ഗോള്‍ഫ് ക്ലബ്ബില്‍ തുടക്കമായി. 14 രാജ്യങ്ങളില്‍ നിന്നായി 72 താരങ്ങളാണ് വ്യക്തിഗത, ടീം ഇനങ്ങളില്‍ കിരീടം ലക്ഷ്യമിട്ട് മത്സരിക്കുന്നത്. ഖത്തര്‍ ഗോള്‍ഫ് അസോസിയേഷന്റെ (ക്യു ജി എ) നേതൃത്വത്തില്‍ നടക്കുന്ന മത്സരങ്ങള്‍ ശനിയാഴ്ച ആരംഭിച്ച് ചൊവ്വാഴ്ച വരെ നീണ്ടുനില്‍ക്കും.
പങ്കെടുക്കുന്ന രാജ്യങ്ങളുടെ ടീമുകളുടെ മാര്‍ച്ച് പാസ്റ്റോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമായത്. അറബ് ഗോള്‍ഫ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ആദില്‍ അല്‍ ഫയ്യാദ്, ഖത്തര്‍ ഗോള്‍ഫ് അസോസിയേഷന്‍ പ്രസിഡന്റ് ഹമദ് അബ്ദുല്ല അല്‍ മന, അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഫഹദ് അല്‍ നുഐമി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘത്തലവരും കായികരംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

city exchange

ചാമ്പ്യന്‍ഷിപ്പിന് ആദ്യമായാണ് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നത്. രാജ്യത്തെ വളര്‍ന്നുവരുന്ന ഗോള്‍ഫ് കായികമേഖലയ്ക്ക് ഇത് സുപ്രധാന നേട്ടമാണെന്ന് സംഘാടകര്‍ വ്യക്തമാക്കി. മത്സരത്തിനെത്തിയ ടീമുകളെ സ്വാഗതം ചെയ്ത ഫഹദ് അല്‍ നുഐമി, അഭിമാനകരമായ ഈ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തറിന് സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു.

1975-ല്‍ ലെബനനില്‍ ആരംഭിച്ച അറബ് ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രവും അദ്ദേഹം അനുസ്മരിച്ചു. പ്രമുഖ അറബ് ഗോള്‍ഫ് താരങ്ങള്‍ക്ക് പരസ്പരം മത്സരിക്കാനും കായിക നിലവാരം ഉയര്‍ത്താനും ദീര്‍ഘകാലമായി വേദിയൊരുക്കുന്ന ടൂര്‍ണമെന്റാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖലയിലെ പ്രധാന ഗോള്‍ഫ് മത്സരങ്ങളിലൊന്നാണ് അറബ് ചാമ്പ്യന്‍ഷിപ്പെന്ന് ആദില്‍ അല്‍ ഫയ്യാദ് പറഞ്ഞു. മികച്ച അറബ് താരങ്ങളെ ഒരുമിപ്പിക്കുന്നതിലൂടെ പങ്കാളിത്ത രാജ്യങ്ങള്‍ തമ്മിലുള്ള കായികബന്ധം ശക്തിപ്പെടുത്താനും ടൂര്‍ണമെന്റ് സഹായിക്കുന്നുണ്ട്. ഖത്തറിലെ മികച്ച കായിക സൗകര്യങ്ങളെയും സംഘാടന മികവിനെയും അദ്ദേഹം പ്രശംസിച്ചു.

- Advertisement -
Ad image

പുരുഷ വിഭാഗത്തില്‍ 14 രാജ്യങ്ങളില്‍ നിന്നായി 51 താരങ്ങളും വനിതാ വിഭാഗത്തില്‍ ഒന്‍പത് രാജ്യങ്ങളില്‍ നിന്നായി 21 താരങ്ങളുമാണ് മത്സരിക്കുന്നത്.

സ്വന്തം മണ്ണില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനായി ഖത്തര്‍ ടീം ദോഹ ഗോള്‍ഫ് ക്ലബ്ബില്‍ പരിശീലനവും മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വ്യക്തിഗത, ടീം ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ആതിഥേയ ടീമിന്റെ ലക്ഷ്യം.

Share This Article
Leave a Comment
error: Content is protected !!