

ദോഹ: 2023ലെ ആദ്യ ആറുമാസങ്ങളില്‍ ഖത്തറിലേക്ക് രണ്ട് ദശലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തിയതായി ഖത്തര്‍ ടൂറിസം അറിയിച്ചു. വിനോദസഞ്ചാര മേഖലയിലെ ശ്രദ്ധേയമായ പ്രകടനമാണിത് സൂചിപ്പിക്കുന്നത്.

വ്യത്യസ്ത പരിപാടികള്‍, ഫെസ്റ്റിവലുകള്‍, അതുല്യമായ ടൂറിസ്റ്റ് അനുഭവങ്ങള്‍, ആധികാരിക അറബ് ആതിഥ്യം തുടങ്ങിയവയാല്‍ സമ്പന്നമായിരുന്നു ഖത്തറിലെ കഴിഞ്ഞ ആറുമാസം. കോവിഡിന് മുമ്പുള്ള സന്ദര്‍ശകരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇരട്ടിയാണ് നിലവിലുള്ള അവസ്ഥ.

ഈ വര്‍ഷം ആദ്യ പകുതിയില്‍ ഖത്തറിലെത്തിയ സന്ദര്‍ശകരില്‍ 51 ശതമാനവും വിമാനമാര്‍ഗമാണ് സ്വീകരിച്ചത്. കര വഴി 37 ശതമാനവും കടല്‍ വഴി 12 ശതമാനവുമാണ് സന്ദര്‍ശകര്‍ എത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സന്ദര്‍ശകരില്‍ നാലിലൊരു ഭാഗവും സൗദി അറേബ്യയില്‍ നിന്നാണുണ്ടായത്. തൊട്ടു പിന്നാലെ ഇന്ത്യയില്‍ നിന്നും ജര്‍മനിയില്‍ നിന്നുമാണ് സന്ദര്‍ശക പ്രവാഹമുണ്ടായത്.
ഖത്തര്‍ ടൂറിസം പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത് മെയ്, ജൂണ്‍ മാസങ്ങളിലായിരുന്നു. ഖത്തര്‍ ടൂറിസത്തിന്റെ ‘ഫീല്‍ മോര്‍ ഇന്‍ ഖത്തര്‍’ കാമ്പെയ്‌നാണ് കൂടുതല്‍ പേരെ ആകര്‍ഷി്ക്കാന്‍ കാരണമായത്. അതോടൊപ്പം വിനോദ സഞ്ചാര മേഖലയിലെ സ്ഥിരം പരിപാടികളും കഴിഞ്ഞ വര്‍ഷത്തെ ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ഊര്‍ജ്ജസ്വലമായ അന്തരീക്ഷവും ഏറെ ഗുണകരമായി.
അതോടൊപ്പം നിലവില്‍ ഹയ്യ കാര്‍ഡ് ഉള്ളവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിച്ചതും വിസ അനുവദിക്കുന്നതിലെ തടസ്സമില്ലായ്മയും സന്ദര്‍ശക പ്രക്രിയ വിപുലമാക്കി.

