
ദോഹ: ഖത്തറിന്റെ വിദ്യാഭ്യാസ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2030ഓടെ ആഗോള നിലവാരമുള്ള 40-ലധികം പുതിയ സ്‌കൂളുകള്‍ നിര്‍മിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്ന തരത്തിലുള്ള നിര്‍മാണവും വികസന പ്രവര്‍ത്തനങ്ങളും നിലവില്‍ നടക്കുകയാണ്.

ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, യോഗ്യതയുള്ള അധ്യാപകര്‍, അക്കാദമിക് പദ്ധതികള്‍, വിപുലീകരിച്ച സ്‌കോളര്‍ഷിപ്പ് അവസരങ്ങള്‍ എന്നിവയിലൂടെ ദേശീയ വിദ്യാഭ്യാസ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഖത്തറിന്റെ സമഗ്ര തന്ത്രമാണ് ആവിഷ്‌ക്കരിക്കുന്നതെന്ന് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്രാഹിം അല്‍ നുഐമി പറഞ്ഞു. 2030 വരെയുള്ള രാജ്യത്തിന്റെ ദീര്‍ഘകാല ദര്‍ശനത്തിനനുസൃതമായാണ് ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ ടി വിയോട് സംസാരിക്കവെ ആധുനിക സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങളാണ് മന്ത്രാലയത്തിന്റെ വികസന പദ്ധതികളുടെ കേന്ദ്രബിന്ദുവെന്ന് ഡോ. അല്‍ നുഐമി വ്യക്തമാക്കി. മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച ദേശീയ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഏകദേശം 10 പുതിയ സ്‌കൂളുകള്‍ പൂര്‍ത്തിയാക്കിയതായും രണ്ടാം ഘട്ടത്തില്‍ എട്ട് സ്‌കൂളുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാക്കിയതായും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന അക്കാദമിക് വര്‍ഷത്തില്‍ നാല് സ്‌കൂളുകള്‍ കൂടി കൈമാറും. മൂന്നാം ഘട്ടത്തില്‍ ഏകദേശം 14 സ്‌കൂളുകള്‍ ഉള്‍പ്പെടും.
