

ദോഹ: വിസ സൗകര്യത്തില്‍ ലോകത്ത് ഏറ്റവും തുറന്ന രാജ്യമാണ് ഖത്തറെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സാദ് ബിന്‍ അലി അല്‍ ഖര്‍ജി. 102 രാജ്യങ്ങള്‍ക്കാണ് നിലവില്‍ ഖത്തര്‍ ഓണ്‍ അറൈവല്‍ വിസ അനുവദിച്ചിരിക്കുന്നത്.

2024ലെ ഗ്ലോബല്‍ എക്സിബിഷന്‍സ് ഡേയില്‍ ഖത്തര്‍ ടൂറിസം ആതിഥേയത്വം വഹിച്ച ഗ്ലോബല്‍ അസോസിയേഷന്‍ ഓഫ് എക്സിബിഷന്‍ ഇന്‍ഡസ്ട്രിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ തോതിലുള്ള ആഗോള പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ പ്രതിബദ്ധത ലക്ഷ്യം നിറവേറ്റുന്നതിനുള്ള പ്രധാന മാര്‍ഗമാണ്. 2030-ഓടെ മിഡില്‍ ഈസ്റ്റില്‍ അതിവേഗം വളരുന്ന ടൂറിസം കേന്ദ്രമായി ഖത്തര്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലോബല്‍ എക്‌സിബിഷന്‍ ഡേ ഉദ്ഘാടന ചടങ്ങില്‍ അറബ് യൂണിയന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന്‍സ് ആന്‍ഡ് കോണ്‍ഫറന്‍സസ് ചെയര്‍മാന്‍ ശൈഖ് ജാബോര്‍ ബിന്‍ യൂസഫ് ബിന്‍ ജാസിം ബിന്‍ ജബോര്‍ അല്‍ താനിയും റീജിയണല്‍ ഡയറക്ടര്‍ നാജി എല്‍ ഹദ്ദാദും മറ്റ് പ്രമുഖരും വ്യവസായ പ്രമുഖരും പങ്കെടുത്തു.
2023ലും ഈ വര്‍ഷവും ആറ് ദശലക്ഷത്തിലധികം സന്ദര്‍ശകരെയാണ് ഖത്തര്‍ സ്വാഗതം ചെയ്തതെന്ന് അല്‍ ഖര്‍ജി പറഞ്ഞു. 2023-ല്‍ നാല് ദശലക്ഷത്തിലധികം സന്ദര്‍ശകരെയാണ് സ്വാഗതം ചെയ്തത്. 2024 ഏപ്രില്‍ വരെ രണ്ട് ദശലക്ഷം സന്ദര്‍ശകരാണ് എത്തിയത്.

