

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ലുസൈല്‍ പാലസിലുള്ള അദ്ദേഹത്തിന്റെ ഓഫീസില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധി സംഘവും കൂടെയുണ്ടായിരുന്നു.

യുക്രെയ്‌നിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് യുദ്ധം തടയുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങള്‍, ചര്‍ച്ചകളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും പ്രതിസന്ധി പരിഹരിക്കുന്നതിന് എല്ലാ ആശയവിനിമയ മാര്‍ഗങ്ങളും തുറന്നിടുക തുടങ്ങി വിവിധ കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ഖത്തറും യുക്രെയ്‌നും തമ്മിലുളള ബന്ധങ്ങളും അവ ശക്തിപ്പെടുത്താനുളള കാര്യങ്ങളും ചര്‍ച്ച ചെയ്തു.

റഷ്യന്‍- യുക്രെയ്‌നിയന്‍ പ്രതിസന്ധിയെ തുടര്‍ന്ന് വേര്‍പിരിഞ്ഞ കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടന്നുകൊണ്ടിരിക്കുന്ന മധ്യസ്ഥതയുടെ ഭാഗമായി യുക്രെയ്‌നിയന്‍ കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് യുക്രെയ്‌നിയന്‍ പ്രസിഡന്റ് അമീറിന് നന്ദി പറഞ്ഞു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി, അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ താനി, വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
യുക്രെയ്‌നിയന്‍ ഭാഗത്ത് യുക്രെയ്ന്‍ അംബാസഡര്‍ ആന്‍ഡ്രി കുസ്‌മെന്‍കോയും പ്രതിനിധി സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
യുക്രെയ്‌നിയന്‍ പ്രസിഡന്റിനും പ്രതിനിധി സംഘത്തിനും ബഹുമാനാര്‍ഥം അമീര്‍ അത്താഴ വിരുന്നൊരുക്കി.

