
ന്യൂയോര്‍ക്ക്: മനുഷ്യാവകാശങ്ങളെ പ്രോത്സാഹിപ്പിക്കുകയും മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനായി നടത്തുന്ന അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ പ്രതിബദ്ധത തുടരുമെന്ന് ഖത്തര്‍ വീണ്ടും വ്യക്തമാക്കി. ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയുടെ 80-ാമത് സമ്മേളനത്തില്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള 66-ാം അജണ്ട ഐറ്റത്തിന്റെ പൊതുചര്‍ച്ചയില്‍ ഖത്തര്‍ പ്രതിനിധി സംഘാംഗമായ നൂര്‍ അല്‍ മാരിഫി ഐക്യരാഷ്ട്രസഭാ മേധാവി ഓഫീസില്‍ പ്രസ്താവന അവതരിപ്പിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മനുഷ്യാവകാശങ്ങളും അടിസ്ഥാന സ്വാതന്ത്ര്യങ്ങളും ഉറപ്പു നല്‍കുന്ന ഭരണഘടനാ നിയമ സംവിധാനത്തിലൂടെയും മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തത്തിലൂടെയും ഖത്തര്‍ ഈ മേഖലയെ പരമപ്രധാന വിഷയമായി കാണുന്നുവെന്ന് അവര്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര മനുഷ്യാവകാശ കരാര്‍ വ്യവസ്ഥകള്‍ പാലിക്കുകയും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംവിധാനങ്ങളുമായി തുടര്‍ച്ചയായി സഹകരിക്കുകയും ചെയ്യുന്നത് ഖത്തറിന്റെ നിലപാടാണെന്ന് അല്‍ മാരിഫി വ്യക്തമാക്കി.
2025- 2027 കാലയളവില്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗത്വം വഹിക്കുമ്പോള്‍ ഖത്തര്‍ സജീവവും നിര്‍മാണാത്മകവുമായ പങ്ക് തുടരുമെന്നും കൗണ്‍സില്‍ ലക്ഷ്യമിടുന്ന മഹത്തായ ദൗത്യങ്ങള്‍ നേടുന്നതിന് പിന്തുണ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. വിശ്വസനീയമായ അന്താരാഷ്ട്ര പങ്കാളിയായി ഖത്തര്‍ നേടിയിട്ടുള്ള ഉയര്‍ന്ന ആദരവും സ്ഥാനവും കൂടി ഈ അംഗത്വം പ്രതിഫലിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
മാനുഷിക കാരുണ്യപ്രവര്‍ത്തനങ്ങളിലും അന്താരാഷ്ട്ര സഹകരണത്തിലും ഖത്തറിന്റെ ഉറച്ച പ്രതിബദ്ധതയെ അല്‍ മാരിഫി ഊന്നിപ്പറഞ്ഞു. ഈ മേഖലയിലെ വെല്ലുവിളികളെ നേരിടുന്നതില്‍ ഖത്തര്‍ തുടര്‍ച്ചയായി മുന്‍നിര പങ്ക് വഹിച്ചു വരുന്നതായും അവര്‍ വ്യക്തമാക്കി.
2012 മുതല്‍ 2023 ജൂണ്‍ വരെ ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ് വികസനത്തിലും മാനുഷിക സഹായത്തിലും 6 ബില്യണ്‍ യു എസ് ഡോളറിലധികം ചെലവഴിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക വളര്‍ച്ച, ദുരിതാശ്വാസം തുടങ്ങിയ പ്രധാന മേഖലകളെയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും അവര്‍ പറഞ്ഞു.
മനുഷ്യാവകാശ മേഖലയിലെ ഐക്യരാഷ്ട്രസഭയുടെ ഹൈകമ്മീഷണറേറ്റിന് ഖത്തര്‍ തുടര്‍ച്ചയായി പിന്തുണ നല്‍കുന്നുവെന്നും ദക്ഷിണ- പശ്ചിമ ഏഷ്യയും അറബ് പ്രദേശവും ഉള്‍പ്പെടുന്ന മേഖലക്ക് പരിശീലന- ഡോക്യുമെന്റേഷന്‍ സെന്റര്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നതില്‍ രാജ്യം അഭിമാനിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.
മനുഷ്യാവകാശ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ കയ്യേറ്റം ചെയ്ത ഫലസ്തീന്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശ നിലപാടിനെക്കുറിച്ചുള്‍പ്പെടെയുള്ള നിരവധി പ്രമേയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഗാസ മേഖലയില്‍ തുടരുന്ന സംഘര്‍ഷം മൂലമുള്ള ഗുരുതര മാനുഷിക പ്രത്യാഘാതങ്ങള്‍, പ്രത്യേകിച്ചും നിരപരാധികളായ ഫലസ്തീന്‍ പൗരന്മാരുടെ മരണങ്ങള്‍ക്ക് വഴിവെക്കുന്ന സാഹചര്യം തുടങ്ങിയവ റിപ്പോര്‍ട്ടിലെ ആശങ്കകളില്‍പ്പെടുന്നു.
ഫലസ്തീന്‍ ജനതയോടുള്ള ഖത്തറിന്റെ അചഞ്ചല ഐക്യദാര്‍ഢ്യവും സാധാരണ ജനങ്ങള്‍ക്കെതിരായ ആക്രമണങ്ങളിലെ ശക്തമായ അപലപനവും മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് ഖത്തര്‍ നടത്തുന്ന പരിശ്രമങ്ങളും അവര്‍ ആവര്‍ത്തിച്ചു.

