
ദോഹ: വിഷ രഹിത ജൈവ കൃഷിയെയും അടുക്കളത്തോട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ കൂട്ടായ്മയായ നടുമുറ്റത്തിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി കൃഷിക്കാവശ്യമായ തൈകളുടെ വിതരണം അവസാനിച്ചു. കൃഷിക്ക് അനുയോജ്യമാകുന്ന രീതിയില്‍ കാലാവസ്ഥ അനുകൂലമാവുന്ന സമയത്താണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടുമുറ്റം സൗജന്യ തൈ വിതരണം നടത്താറുള്ളത്.

പത്ത് ഏരിയ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ആയിരത്തോളം തൈകളാണ് വിവിധ ഇടങ്ങളില്‍ നടുമുറ്റം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. വീട്ടുമുറ്റങ്ങളിലും ടെറസുകളിലും കൃഷിയൊരുക്കി പാരമ്പര്യമുള്ള വനിതകള്‍ക്ക് വിവിധ ഏരിയകളുടെ തൈ വിതരണത്തോടനുബന്ധിച്ച് കൃഷി പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും സംശയങ്ങള്‍ക്ക് മറുപടികള്‍ നല്‍കുകയും ചെയ്തു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടുമുറ്റം പ്രവര്‍ത്തകരായ ഏറ്റവും നല്ല കൃഷിക്കാര്‍ക്ക് ഫാര്‍മറെറ്റ് അവാര്‍ഡ് സമ്മാനിക്കുമെന്ന് നടുമുറ്റം ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷവും ഇന്‍ഡോര്‍ പ്ലാന്റ്, പച്ചക്കറി കൃഷി തുടങ്ങിയ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കിയിരുന്നു.
