
ദോഹ: ലോകബാങ്കിന്റെ 2026-ലെ ലോകവ്യാപക ഭരണസൂചികയില്‍ രാഷ്ട്രീയ സ്ഥിരതയിലും നിയമവാഴ്ചയിലും മേഖലയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഖത്തര്‍. സ്ഥിരത, നിയമവാഴ്ച, സുരക്ഷ എന്നിവയില്‍ മേഖലയ്ക്ക് മാതൃകയെന്ന ഖത്തറിന്റെ സ്ഥാനം നേട്ടം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു.

ദേശീയ ആസൂത്രണ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, സര്‍ക്കാര്‍ കാര്യക്ഷമത, അഴിമതി നിയന്ത്രണം, നിയന്ത്രണ സംവിധാനങ്ങളുടെ ഗുണനിലവാരം എന്നീ മേഖലകളില്‍ ഖത്തര്‍ മേഖലയിലെ ആദ്യ മൂന്ന് രാജ്യങ്ങളില്‍ ഇടംപിടിച്ചു.

മുന്‍ പതിപ്പിനെ അപേക്ഷിച്ച് ഭരണത്തിന്റെ ആറ് പ്രധാന മാനദണ്ഡങ്ങളില്‍ നാലിലും ഖത്തര്‍ പുരോഗതി കൈവരിച്ചു.
രാഷ്ട്രീയ സ്ഥിരതയില്‍ 83.86 ശതമാനവും സര്‍ക്കാര്‍ കാര്യക്ഷമതയില്‍ 72.73 ശതമാനവും നിയന്ത്രണ സംവിധാനങ്ങളുടെ ഗുണനിലവാരത്തില്‍ 72.67 ശതമാനവും അഴിമതി നിയന്ത്രണത്തില്‍ 65.81 ശതമാനവുമാണ് ഖത്തറിന്റെ സ്‌കോര്‍. അഴിമതി നിയന്ത്രണത്തിലാണ് ഏറ്റവും വലിയ പുരോഗതി രേഖപ്പെടുത്തിയത്. ഈ വിഭാഗത്തില്‍ 2.74 പോയിന്റിന്റെ വര്‍ധനയുണ്ടായി.
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമതയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ഖത്തര്‍ നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളാണ് ഫലങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ദേശീയ ആസൂത്രണ കൗണ്‍സില്‍ വ്യക്തമാക്കി. ഖത്തര്‍ ദേശീയ ദര്‍ശനം 2030-ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഈ പ്രവര്‍ത്തനങ്ങള്‍ സഹായകമാകുമെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
വികസന മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെടുത്തേണ്ട മേഖലകള്‍ തിരിച്ചറിയുന്നതിനും അന്താരാഷ്ട്ര സൂചികകളിലെ ഫലങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും കൗണ്‍സില്‍ എടുത്തുപറഞ്ഞു.
ലോകബാങ്ക് വര്‍ഷംതോറും പ്രസിദ്ധീകരിക്കുന്ന ലോകവ്യാപക ഭരണസൂചിക 200-ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഭരണനിലവാരം വിലയിരുത്തുന്നു. ജനപങ്കാളിത്തവും ഉത്തരവാദിത്തവും, രാഷ്ട്രീയ സ്ഥിരത, സര്‍ക്കാര്‍ കാര്യക്ഷമത, നിയന്ത്രണ സംവിധാനങ്ങളുടെ ഗുണനിലവാരം, നിയമവാഴ്ച, അഴിമതി നിയന്ത്രണം എന്നിങ്ങനെ ആറ് മാനദണ്ഡങ്ങളാണ് വിലയിരുത്തലിന് അടിസ്ഥാനമാക്കുന്നത്.
പൊതുജനാഭിപ്രായ സര്‍വേകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സിവില്‍ സമൂഹ സംഘടനകള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയുള്‍പ്പെടെ നൂറുകണക്കിന് സ്രോതസ്സുകളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് ലോകബാങ്ക് സൂചിക തയ്യാറാക്കുന്നത്.

