
ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി ടെലിഫോണില്‍ ബന്ധപ്പെട്ടു.

സംഭാഷണത്തിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിനായി പാകിസ്താന്‍ നടത്തുന്ന മധ്യസ്ഥശ്രമങ്ങളും ലെബനനിലെ പുതിയ രാഷ്ട്രീയ- സുരക്ഷാ സാഹചര്യങ്ങളും ഇരുപക്ഷവും ചര്‍ച്ച ചെയ്തു.

പ്രതിസന്ധി പരിഹരിക്കുന്നതിന് സമഗ്രമായ ധാരണയിലെത്താനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഖത്തര്‍ പൂര്‍ണ പിന്തുണ നല്‍കുന്നതായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ആവര്‍ത്തിച്ചു. മേഖലയില്‍ സ്ഥിരതയും ശാശ്വത സമാധാനവും ഉറപ്പാക്കുന്നതിന് എല്ലാ കക്ഷികളും സൃഷ്ടിപരമായ സമീപനം സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള നാവിക ഗതാഗത സ്വാതന്ത്ര്യം വിട്ടുവീഴ്ച ചെയ്യാനാകാത്ത അടിസ്ഥാന തത്വമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുകയോ സമ്മര്‍ദ ഉപാധിയായി ഉപയോഗിക്കുകയോ ചെയ്യുന്നത് നിലവിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും മേഖലയിലെ രാജ്യങ്ങളുടെ സുപ്രധാന താല്‍പര്യങ്ങളെ അപകടത്തിലാക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

