
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എ പി വിഭാഗം) ഉപാധ്യക്ഷനും മര്‍കസുസ്സഖാഫത്തി സുന്നിയ്യ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്യാതനായി. 88 വയസ്സായിരുന്നു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും മര്‍കസ് ഖല്‍ഫാന്റെയും പ്രസിഡന്റ്, നിരവധി മഹല്ലുകളുടെ ഖാദിയുമാണ്.

സയ്യിദ് അഹ്മദ് ബാഫഖിയുടെയും സയ്യിദത്ത് നഫീസ ബീവിയുടെയും മകനായി 1938ല്‍ കൊയിലാണ്ടിയിലാണ് ജനനം. കൊയിലാണ്ടി മുബാറക് റോഡില്‍ വലിയകത്ത് ബംഗ്ലാവിലാണ് താമസം.
1978 മുതല്‍ സംഘടനാ രംഗത്ത് സജീവമായിരുന്നു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ട്രഷറര്‍, ജാമിഅഃ നൂരിയ്യ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ ഫൈസീസിന്റെ പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു.

തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം, കോഴിക്കോട് വലിയങ്ങാടി പാണ്ടികശാല, കൊയിലാണ്ടി, പരപ്പനങ്ങാടി പനയത്തില്‍, ജാമിഅഃ നൂരിയ്യ പട്ടിക്കാട് എന്നിവിടങ്ങളില്‍ പഠനം നടത്തിയ അദ്ദേഹം അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മാട്ടൂല്‍, ഇ കെ ഹസന്‍ മുസ്ലിയാര്‍, ഹാഫിള് മുഹമ്മദ് മുസ്ലിയാര്‍ ബേപ്പൂര്‍, കൊയിലാണ്ടി ഖാദി പൊടിയാട് കുഞ്ഞഹമ്മദ് മുസ്ലിയാര്‍, കുറ്റിപ്പുറം അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, സി എം വലിയുല്ലാഹി, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരുടെ കീഴിലാണ് മതപഠനം പൂര്‍ത്തിയാക്കിയത്.
ജാമിഅ മുഈനിയ്യ അജ്മീര്‍ ശരീഫ് നല്‍കുന്ന രണ്ടാമത് സുല്‍ത്താനുല്‍ ഹിന്ദ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

