
ദോഹ: ഖത്തര്‍ ശാസ്ത്ര മികവിനുള്ള പുരസ്കാരത്തിന്റെ ട്രസ്റ്റി ബോര്‍ഡ് രൂപീകരിച്ച് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രി ലോല്‍വ ബിന്ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാത്തര്‍ ഉത്തരവിറക്കി. വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രി അധ്യക്ഷയായുള്ള ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മറിയം അബ്ദുല്ല അല്‍ മുഹന്നദിയെ നിയമിച്ചു.

ഉന്നത വിദ്യാഭ്യാസകാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. ഹാരിബ് മുഹമ്മദ് അല്‍ ജാബ്രിയാണ് ബോര്‍ഡ് വൈസ് പ്രസിഡന്റ്. ഖത്തറിലെ വിവിധ വിദ്യാഭ്യാസ, ഗവേഷണ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രതിനിധികളാണ് മറ്റ് അംഗങ്ങള്‍.

ഖത്തര്‍ അവാര്‍ഡിന്റെ സി ഇ ഒ മറിയം അബ്ദുല്ല അല്‍ മുഹന്നദി, കമ്മ്യൂണിറ്റി കോളജ് പ്രസിഡന്റ് ഡോ. ഖാലിദ് മുഹമ്മദ് അല്‍ ഹോര്, ഖത്തര്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ച് പ്രൊഫ. ഡോ. അയ്മന് മഹ്മൂദ് അര്‍ബിദ്, ഖത്തര്‍ ഫൗണ്ടേഷനില്‍നിന്ന് അബീര്‍ മുഹമ്മദ് അല്‍ ഖലീഫ, ഖത്തര്‍ എനര്‍ജിയില്‍നിന്ന് ഡോ. നാസര്‍ സഖര്‍ അല്‍ മുഹന്നദി എന്നിവരാണ് അംഗങ്ങള്‍.
ശൂറാ കൗണ്‍സിലില്‍നിന്ന് അഹമ്മദ് സുല്‍ത്താന്‍ അല്‍ ഗാനിം, ദേശീയ ആസൂത്രണ കൗണ്‍സിലില്‍നിന്ന് നദ അബ്ദുല്‍ ജലീല്‍ അല്‍ മുഹമ്മദ്, ഖത്തര്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച്, ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷനില്നിന്ന് ആയിഷ അബ്ദുല്‍ ഹമീദ് അല്‍ മുദഹ്ക, മന്ത്രിസഭയുടെ ജനറല്‍ സെക്രട്ടേറിയറ്റില്‍നിന്ന് ഡോ. മറിയം ജാസിം അല്‍ ഖാത്തര്‍ എന്നിവരും ബോര്‍ഡിലുണ്ട്.
ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്ന് വര്‍ഷമായിരിക്കും. സമാനമായ ഒന്നോ അതിലധികമോ കാലയളവിലേക്ക് കാലാവധി പുതുക്കാനും വ്യവസ്ഥയുണ്ട്.
ശാസ്ത്രരംഗത്തെ മികച്ച നേട്ടങ്ങളെയും വിദ്യാഭ്യാസ മേഖലയിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെയും ആദരിക്കുന്നതിലൂടെ ശാസ്ത്രത്തിനും മാനവവിഭവശേഷി വികസനത്തിനും ഖത്തര്‍ നല്കുന്ന പ്രതിബദ്ധതയുടെ ഭാഗമാണ് ശാസ്ത്ര മികവിനുള്ള പുരസ്കാരം.
ഗവേഷണവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുക, മാനവവിഭവശേഷി വികസിപ്പിക്കുക, ദേശീയ പ്രതിഭകള്‍ക്ക് അവരുടെ അറിവും കഴിവുകളും രാജ്യത്തിന്റെ പുരോഗതിക്കായി പ്രയോജനപ്പെടുത്താന്‍ പ്രചോദനം നല്‍കുക എന്നിവയും പുരസ്കാരത്തിന്റെ ലക്ഷ്യങ്ങളാണ്.
അറിവിനെ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഖത്തര്‍ ദേശീയ ദര്‍ശനം 2030ന്റെ ലക്ഷ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് ഈ പദ്ധതി.

