
മനാമ: 40 ബ്രദേഴ്സിന്റെ ആഭിമുഖ്യത്തില്‍ അല്‍ അഹ്ലി സ്റ്റേഡിയത്തില്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ജില്ലാ കപ്പ് ആന്‍ഡ് വെറ്ററന്‍സ് കപ്പ് സീസണ് 4 സമാപിച്ചു. ജില്ലാ കപ്പില്‍ മലപ്പുറം ടീം ജേതാക്കളായപ്പോള്‍ വെറ്ററന്‍സ് കപ്പില്‍ സംഘാടകരായ 40 ബ്രദേഴ്സ് കിരീടം സ്വന്തമാക്കി.

കേരളത്തിലെ ആറു ജില്ലകളെ പ്രതിനിധീകരിച്ച് ആറു ടീമുകള്‍ പങ്കെടുത്ത ജില്ലാ കപ്പിന്റെ ഫൈനലില്‍ വയനാട് ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മലപ്പുറം കിരീടം ചൂടിയത്. മലപ്പുറത്തിനായി മുഷ്താഖ് വിജയഗോള്‍ നേടി.

45 വയസ്സിന് മുകളിലുള്ളവര്‍ക്കായി സംഘടിപ്പിച്ച വെറ്ററന്‍സ് കപ്പില്‍ പ്രതിഭ എഫ് സിയെ പരാജയപ്പെടുത്തിയാണ് 40 ബ്രദേഴ്സ് ജേതാക്കളായത്. ബഹ്റൈനിലെ എട്ടു ടീമുകള്‍ വെറ്ററന്‍സ് കപ്പില്‍ മാറ്റുരച്ചു.
ജില്ലാ കപ്പിലെ വ്യക്തിഗത പുരസ്കാരങ്ങള്‍ക്ക് വയനാടിന്റെ അനസ് (മികച്ച ഗോള്‍കീപ്പര്‍), മലപ്പുറത്തിന്റെ മുഫീദ് (മികച്ച ഡിഫന്‍ഡര്‍), ഫിനു (മികച്ച താരം), വയനാടിന്റെ ഷഹീര്‍ (ടോപ് സ്കോറര്‍) എന്നിവര്‍ അര്‍ഹരായി.
വെറ്ററന്‍സ് കപ്പില്‍ 40 ബ്രദേഴ്സിന്റെ ഫ്രിജോ മികച്ച ഗോള്‍കീപ്പറായും സാജിദ് മികച്ച ഡിഫന്‍ഡറായും തെരഞ്ഞെടുക്കപ്പെട്ടു. പ്രതിഭയുടെ കുട്ടന് മികച്ച താരമായും അപ്പു ബാബു ടോപ് സ്കോററായും പുരസ്കാരം നേടി.
മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരങ്ങള്‍ കാണാന്‍ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരടക്കം നിരവധി പേര് എത്തിയിരുന്നു. മികച്ച ജനപങ്കാളിത്തത്തോടെയാണ് ടൂര്‍ണമെന്റിന് സമാപനമായത്.

